പാക്ക് പരാമർശം : നടി രമ്യയ്ക്കുനേരെ ചെരുപ്പേറ്

281

മംഗളൂരു ∙ കന്നഡ നടിയും കോൺഗ്രസ് നേതാവുമായ രമ്യയുടെ വാഹനത്തിനു നേരെയുണ്ടായ മുട്ടയേറിനു പിറകെ, ഇവർ പങ്കെടുത്ത പരിപാടിയിൽ വേദിക്കു നേരെ ചെരുപ്പും കല്ലും തക്കാളിയുമെറിഞ്ഞു. ഇന്നലെ രാത്രി വൈകി കദ്രി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ വേദിക്കു നേരെയാണ് കല്ലേറുണ്ടായത്.
ഒരു പരിപാടിയുടെ ഭാഗമായി പാക്കിസ്ഥാൻ സന്ദർശിച്ചു തിരിച്ചെത്തിയ രമ്യ, ചിലർ പറയുന്നതു പോലെ പാക്കിസ്ഥാൻ തിന്മയുടെ നാടല്ലെന്നും അവിടുത്തെ ജനങ്ങൾ നല്ലവരാണെന്നും പറഞ്ഞിരുന്നു. ഈ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി-സംഘപരിവാർ പ്രവർത്തകർ മംഗളൂരുവിലെത്തിയ രമ്യക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മംഗളുരു വിമാനത്താവളത്തിലും ഇവിടെ നിന്നു നഗരത്തിലേക്കു വരവേ വിമാനത്താവള പരിസരത്തു മെയിൻ റോഡിലെ കെഞ്ചാർ ജംക്ഷനിലും രമ്യയ്ക്കുനേരെ കരിങ്കൊടി കാട്ടുകയും കെഞ്ചാർ ജംക്ഷനിൽ ഇവരുടെ വാഹനത്തിനു നേരെ പ്രതിഷേധക്കാർ മുട്ടയെറിയുകയും ചെയ്തിരുന്നു.
തുടർന്നു രമ്യയ്ക്കും ഇവർ പങ്കെടുത്ത പരിപാടിക്കും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഈ സുരക്ഷാ സന്നാഹങ്ങൾക്കിടെയാണു വേദിക്കു നേരെ വീണ്ടും അതിക്രമം അരങ്ങേറിയത്.