യുവതിക്ക്നേരെ ആസിഡ് ആക്രമണം

221

കാണ്‍പുര്‍: റെയില്‍വെ സ്റ്റഷനില്‍വെച്ച്‌ പൂവാലന്മാരെ ചെറുത്ത യുവതിക്ക്നേരെ ആസിഡ് ആക്രമണം. വെള്ളിയാഴ്ച ഉച്ചയോടെ കാണ്‍പുര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്റ്റേഷനിലെത്തിയ ഉടനെ തന്നെ ചുറ്റിപ്പറ്റി ഒരുസംഘം പൂവാലന്മാരും എത്തിയിരുന്നതായും ഇവരാണ് ആക്രമണം നടത്തിയതെന്നും യുവതി പറയുന്നു.

അലഹബാദ് സിവില്‍ ലൈന്‍ താമസക്കാരിയാണ് യുവതി. പൂവാലന്മാര്‍ യുവതിയുടെ അടുത്തുചെന്ന് അശ്ലീല കമന്റുകള്‍ പറയുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ ചെറുക്കുകയായിരുന്നു.

ഇതോടെ സംഘത്തിലൊരാള്‍ കൈയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തേക്കൊഴിച്ചു. എന്നാല്‍, ഇതോടെ യുവതിയുടെ ദുരിതം തീര്‍ന്നില്ല.

കടുത്ത വേദനയോടെ അവര്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ സഹായത്തിനായി ചെന്നപ്പോള്‍ അവഗണനയാണ് ലഭിച്ചതെന്ന് യുവതി പറയുന്നു. പോലീസ് സ്റ്റേഷന്‍ ന്യായാധിപ സ്ഥാപനമല്ലെന്നായിരുന്നു മറുപടിയെന്ന് സ്ത്രീ പറഞ്ഞു. ഇതിനുശേഷം ഉടന്‍തന്നെ അവര്‍ ആശുപത്രിയെ സമീപിക്കുകയായിരുന്നു.

യുവതിയുടെ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടു കണ്ണുകളും തുറക്കാന്‍ ബുദ്ധമുട്ടുണ്ട്. കണ്ണുകളെ ആസിഡ് ആക്രമണം ബാധിച്ചതായി സംശയിക്കുന്നുണ്ടെന്നും യുവതി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് പലഭാഗത്തും ആസിഡ് ആക്രമണത്തിനെതിരെ പ്രതിഷേധം ഉയരുമ്ബോഴും സ്ത്രീകള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്.