മകന്‍റെ കണ്‍മുന്നില്‍ മണല്‍ ലോറിയിടിച്ച്‌ പിതാവ് മരിച്ചു

190

മലപ്പുറം: മകന്‍റെ മുന്നില്‍ വെച്ച്‌ ടിപ്പര്‍ ലോറിയിടിച്ച്‌ മരിച്ച ചാത്തല്ലൂരിന്റെ കലാകാരന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പടിഞ്ഞാറെ ചാത്തല്ലൂര്‍ ആയൂര്‍ സ്വദേശി കടവത്ത് മേലേതില്‍ മോഹനന്‍ നായര്‍ (54)ആണ് തിങ്കളാഴ്ച പുലര്‍ച്ചെ ടിപ്പര്‍ ലോറിയിടിച്ച്‌ മരിച്ചത്. മകന്‍ ബെനീഷിന്റെ പരാതിയില്‍ എടവണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചാത്തല്ലൂരിലെ കലാകാരനും പച്ചക്കറി കൃഷിക്കാരനുമായ മോഹനന്‍ നായര്‍ വിളവെടുത്ത പയര്‍ കെട്ടുമായി മഞ്ചേരിയിലേക്ക് പോകാന്‍ വാഹനം കാത്ത് ബസ് സ്റ്റാന്‍ഡിന് മുന്നില്‍ നില്‍ക്കുമ്ബോള്‍ മുമ്ബിലുണ്ടായിരുന്ന കെ എസ് ആര്‍ ടി സി ബസിനെ മറികടന്ന് നിലമ്ബൂര്‍ ഭാഗത്തു നിന്ന് നിറയെ മണലും കയറ്റി ചീറിപ്പാഞ്ഞുവന്ന ടിപ്പര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

മകന്‍ ബെനീഷിന്റെ കണ്‍മുന്നില്‍ വെച്ചാണ് ടിപ്പര്‍ മോഹനനെ ഇടിച്ചു തെറിപ്പിച്ചത്. എടവണ്ണയിലും പരിസര പ്രദേശങ്ങളിലും ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ വര്‍ധിച്ചു വരികയാണെന്ന് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നു.

എടവണ്ണയിലും പരിസരപ്രദേശങ്ങളിലും അനധികൃത മണല്‍ക്കടത്ത് വ്യാപകമാണെങ്കിലും ശക്തമായ പോലീസ് പട്രോളിംഗ് ഇല്ലാത്തത് ഇവര്‍ക്ക് അനുഗ്രഹമാണ്. മോഹനന്‍ നായര്‍ ചാത്തല്ലൂര്‍ ഗ്രാമത്തിന്റെ കലാ – സാംസ്കാരിക മുന്നേറ്റത്തിന്റെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. ചാത്തല്ലൂരിലെ സഹൃദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചല്‍ ആണ് ജന്മദേശമെങ്കിലും 1985ല്‍ ചാത്തല്ലൂരില്‍ താമസമാക്കിയതു മുതല്‍ ഈ ഗ്രാമത്തിന്റെ കലാ – സാംസ്കാരിക വികസന രംഗങ്ങളില്‍ ഒരു മികച്ച സംഘാടകനായി മോഹനന്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.

അനുഗ്രഹീത നടനും നാടക സംവിധായകനുമായിരുന്നു അദ്ദേഹം. കൊല്ലം മോഹനന്‍ എന്ന പേരില്‍ ഗ്രാമീണ നാടക വേദികളില്‍ തന്റെ സാന്നിധ്യം അറിയിച്ചു. സാധാരണക്കാരനായ ഗ്രാമീണ യുവാക്കളിലും വിദ്യാര്‍ത്ഥികളിലുമുള്ള കലാ – കായിക വാസനകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ യുവജന ക്ലബ്ബുകളിലൂടെ അക്ഷീണം പ്രവര്‍ത്തിച്ച കലാകാരനായിരുന്നു അദ്ദേഹം. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്ന മോഹനന്‍ നായര്‍ പ്രദേശത്തെ ഒരു മികച്ച പച്ചക്കറി കര്‍ഷകന്‍ കൂടിയായിരുന്നു.