ബൈക്കില്‍ ലോറിയിടിച്ച്‌ യുവ എന്‍ജിനീയര്‍മാര്‍ മരിച്ചു

219

ചേര്‍ത്തല: ദേശീയപാതയില്‍ ഒറ്റപ്പുന്ന കവലയില്‍ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരായ യുവ എന്‍ജിനീയര്‍മാര്‍ മരിച്ചു. പാണാവള്ളി 10-ാം വാര്‍ഡില്‍ പൂച്ചാക്കല്‍ വട്ടച്ചിറ അശോകന്‍റെ മകന്‍ രാഹുല്‍ (25), പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കേളമംഗലം ചാത്തമംഗലത്ത് പരേതനായ പരമേശ്വരന്‍ നായരുടെ മകന്‍ ഹരികൃഷ്ണന്‍ (27) എന്നിവരാണു മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം. നിര്‍ത്താതെപോയ ലോറി പിന്നീട് പോലീസ് പിടികൂടി. പള്ളിപ്പുറം ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനാണു രാഹുല്‍. തൈക്കാട്ടുശേരിയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി ജലശുദ്ധീകരണ ശാലയിലെ താല്‍കാലിക ജീവനക്കാരനാണു ഹരികൃഷ്ണന്‍. ഇരുവരും എന്‍ജിനീയറിങ് ബിരുദധാരികളും ആറുമാസം മുന്പുവരെ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഒന്നിച്ച്‌ ജോലിചെയ്തിരുന്നവരുമാണ്.റെയില്‍വേ സ്റ്റേഷനു സമീപം സ്വകാര്യ ലോഡ്ജില്‍ കഴിയുന്ന സുഹൃത്തുക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ ബൈക്കില്‍ പോകുന്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഹരികൃഷ്ണന്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറിഡ്രൈവര്‍ തിരുവനന്തപുരം പാറശാല പഞ്ചായത്ത് 22-ാം വാര്‍ഡില്‍ പരശുവെയ്ക്കല്‍ കൃഷ്ണവിലാസം വീട്ടില്‍ രവീന്ദ്രന്‍ നായരെ(60) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അപകട വിവരം പോലീസില്‍ അറിയിക്കാത്തതിനും കേസെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. രാഹുലിന്‍റെ മാതാവ്: സുലഭ. സഹോദരങ്ങള്‍: രാഖി, ആരോമല്‍ക്കണ്ണന്‍. ഹരികൃഷ്ണന്‍റെ മാതാവ്: കനകമ്മ (വാരനാട് സഹകരണബാങ്ക് റിട്ട. ജീവനക്കാരി). സഹോദരി: കൃപ.

NO COMMENTS

LEAVE A REPLY