കണ്ണൂര്‍ : കൂത്തുപറമ്പ് കുട്ടിക്കുന്നില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഡ്രൈവറും ക്ലീനറുമടക്കം മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണം ബസിന്റെ അമിത വേഗതയാണെന്നാണ് റിപ്പോര്‍ട്ട്. കൂത്ത് പറമ്പ് നിര്‍മ്മല ഗിരിക്കും തൊക്കിലങ്ങാടിക്കുമിടയില്‍ കുട്ടിക്കുന്നില്‍ ഉച്ചയോടെയാണ് ബസ് മറിഞ്ഞത്. ഇരിട്ടി – തലശ്ശേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായിരുന്ന ബസ് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്തിട്ടിരുന്നതു മൂലം റോഡിന് വീതി കുറഞ്ഞതും അപകടത്തിന് കാരണമായി. ബസില്‍ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍, ക്ലീനര്‍, ഒരു യാത്രക്കാരന്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ബസിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റ എല്ലാവരെയും കൂത്തുപറമ്പിലെയും തലശ്ശേരിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.