അരൂര്‍ പാലത്തില്‍നിന്നും പിക്കപ് വാന്‍ കായലിലേക്ക് മറിഞ്ഞു; അഞ്ചുപേരെ കാണാതായി

201

കൊച്ചി: അരൂര്‍കുമ്പളം പാലത്തിലുണ്ടായ അപകടത്തില്‍ സ്കോര്‍പ്പിയോ കാര്‍ കായലിലേക്ക് മറിഞ്ഞ് അഞ്ച് പേരെ കാണാതായി. നാല് പേരെ രക്ഷപ്പെടുത്തി. വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. പന്തല്‍ അലങ്കാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ പൗരന്‍മാരാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവര്‍ മലയാളിയാണ്. എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന പഴയപാലത്തിലാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാര്‍ മുന്‍പില്‍ പോയ ലോറിയിലിടിച്ചാണ് ദുരന്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നിയന്ത്രണം തെറ്റിയ കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്താണ് വേമ്ബനാട് കായലിലേക്ക് മറിഞ്ഞത്. കാറില്‍ നിന്നും നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ മത്സ്യബന്ധനത്തൊഴിലാളികള്‍ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ലേക്ക് ഷേര്‍ ആസ്പത്രിയിലേക്ക് മാറ്റി. പാലത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് അരൂര്‍ പാലത്തില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. തീരദേശപോലീസിന്റെ പട്രോള്‍ ബോട്ടുകള്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും സഹായം തേടുന്നുണ്ട്. മേഖലയിലെ മുഴുവന്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളും പാലത്തിലെത്തിയിട്ടുണ്ട്. 950 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിന്റെ മധ്യഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. ആഴവും ഒഴുക്കും കൂടിയ ഈ ഭാഗത്തേക്ക് പതിച്ച കാര്‍ വളരെ പെട്ടെന്ന് തന്നെ മുങ്ങിപ്പോയി. അപകടത്തെ തുടര്‍ന്ന് എറണാകുളംആലപ്പുഴ റൂട്ടില്‍ ഒരു ദിശയില്‍ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്.