ഇസ്‍ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്

257

മൊസൂള്‍: ഭീകരസംഘടനയായ ഐഎസിന്റെ (ഇസ്‍ലാമിക് സ്റ്റേറ്റ്) മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. കുര്‍ദിഷ് പ്രസിഡന്റ് മസൗദ് ബര്‍സാദിയുടെ വക്തവ് ഫുവാദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. ബഗ്ദാദി ഇറാഖി സേനയുടെ വലയിലായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഗ്ദാദി കൊല്ലപ്പെടുന്ന പക്ഷം, അത് ഐഎസിന്‍റെ സമ്പൂര്‍ണ്ണ പതനമായി കാണാമെന്നും ഫുവാദ് പറഞ്ഞതായി രാജ്യാന്തരമാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ മൊസൂള്‍ നഗരം ഇറാഖ് സേന വളഞ്ഞതായും അന്തിമ യുദ്ധത്തിന് തയാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ 8-9 മാസമായി ബഗ്ദാദി ഒളിവിലായിരുന്നു. മുന്‍പ് ബഗ്ദാദിക്കും മുതിര്‍ന്ന മൂന്നു നേതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. യുഎസ് വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി മുന്‍പ് പലവട്ടം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ബഗ്ദാദി ഇറാഖിസേനയുടെ വലയിലായതായുള്ള റിപ്പോര്‍ട്ടുകള്‍.
ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള ഇറാഖ്-യുഎസ് സഖ്യസേനയുടെ മുന്നേറ്റം തുടരുകയാണ്. ഇതുവരെ 900 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇറാഖ് സേനാനീക്കം ആരംഭിച്ചത്. മൊസൂളില്‍ നിലവില്‍ 3500-5000 ഐഎസ് ഭീകരര്‍ ഉണ്ടെന്നാണു യുഎസ് സേനയുടെ അനുമാനം. ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചുവെന്നും പോരാട്ടം അവസാനഘട്ടത്തിലേക്ക് എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പോരാട്ടത്തിനിടെ ബാഗ്ദാദി കൊല്ലപ്പെടുകയാണെങ്കില്‍ പുതിയ ഖലീഫയെ ഐഎസിന് തെരഞ്ഞെടുക്കേണ്ടിവരും. ബാഗ്ദാദിയോളം സ്വാധീനമുള്ള ആരും സംഘടനയിലില്ല എന്നത് ഫലത്തില്‍ ഇത് ഐഎസിന്റെ പതനത്തിലേക്ക് നയിക്കുമെന്നാണ് സൂചനകള്‍.