കേസുകളില്‍ ഹാജരാകാതെ അഭിഭാഷകര്‍ തുടര്‍ച്ചയായി കേസുകള്‍ മാറ്റിവെയ്ക്കാന്‍ അപേക്ഷിച്ചതില്‍ പ്രതിഷേധിച്ച് സുപ്രീം കോടതി ജഡ്ജി കോടതി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി

197

കേസുകളില്‍ ഹാജരാകാതെ അഭിഭാഷകര്‍ തുടര്‍ച്ചയായി കേസുകള്‍ മാറ്റിവെയ്ക്കാന്‍ അപേക്ഷിച്ചതില്‍ പ്രതിഷേധിച്ച് സുപ്രീം കോടതി ജഡ്ജി കോടതി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. ചൊവ്വാഴ്ച രാവിലെ കേസുകള്‍ പരിഗണിക്കവെ ജസ്റ്റിസ് ജെ.എസ് ഖെഹറാണ് രൂക്ഷമായി പ്രതികരിച്ചത്.
എല്ലാവരും അവധി ആലസ്യത്തിലാണെന്ന് തോന്നുന്നെന്ന് പറഞ്ഞ അദ്ദേഹം, അഭിഭാഷകര്‍ക്ക് സമയം കിട്ടുമ്പോള്‍ തന്നെ വന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയത്. രാവിലെ ജസ്റ്റിസ് അരുണ്‍ മിശ്രയോടൊപ്പം കേസുകള്‍ പരിഗണിച്ച് തുടങ്ങിയപ്പോഴാണ് ഒന്നിനു പിറകെ ഒന്നായി എല്ലാ കേസുകളിലും അവധി അപേക്ഷ എത്തിയത്. കേസ് വിളിച്ചപ്പോള്‍ തന്റെ കൈയ്യില്‍ ഇപ്പോള്‍ രേഖകളൊന്നുമില്ലെന്ന് പറഞ്ഞ ഒരു ജൂനിയര്‍ അഭിഭാഷകന് ജഡ്ജി തന്റെ കൈവളമുള്ള രേഖകള്‍ നല്‍കിയ ശേഷം ഇനിയെങ്കിലും വാദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ തയ്യാറെടുത്തിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹവും ഒഴിഞ്ഞുമാറി. 2009, 2010 വര്‍ഷങ്ങളിലെ കേസായിരുന്നു അദ്ദേഹം പരിഗണിച്ചത്. സീനിയര്‍ അഭിഭാഷകര്‍ മറ്റ് കോടതികളില്‍ തിരക്കിലാണെന്നാണ് കോടതി മുറിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞത്. ചിലര്‍ കേസുകള്‍ അതേ ദിവസത്തെ തന്നെ മറ്റൊരു സമയത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ക്ക് കേസുകള്‍ അടുത്ത ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. ലിസ്റ്റ് ചെയ്ത കേസുകളില്‍ ഇങ്ങനെ ആവശ്യപ്പെടാന്‍ പാടില്ലെന്ന ചട്ടം എല്ലാവരും ലംഘിച്ചപ്പോഴായിരുന്നു എന്നാല്‍ ഞങ്ങള്‍ വീട്ടില്‍ പോയ്ക്കോട്ടെ എന്ന് ചോദിച്ച ശേഷം ജഡ്ജി തന്നെ ഇറങ്ങിപ്പോയത്.
ചേംബറിലേക്ക് മടങ്ങിയതിന് പിന്നാലെ ജഡ്ജിയുടെ സ്റ്റാഫ്, അഭിഭാഷകരോട് അദ്ദേഹത്തിന്റെ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് അഭിഭാഷകരെത്തി അദ്ദേഹത്തെ അനുനയിപ്പിച്ച് കോടതിയിലേക്ക് കൊണ്ടുവന്നു. സംഭവം നിര്‍ഭാഗ്യകരമാണെന്നായിരുന്നു സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുശ്യന്ത് ദേവ് പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ നിയമനടപടി നേരിടേണ്ടി വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു