ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കര്‍ണാടകയില്‍ കടന്നതായി സൂചന

217

സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വയനാട് ഡിസിസി അംഗം ഒ.എം.ജോര്‍ജ്ജ് കര്‍ണാടകയില്‍ കടന്നതായി സൂചന. ഒളിവില്‍ പോയ ജോര്‍ജ്ജിന് വേണ്ടി പോലിസ് തിരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.ഒ.എം.ജോര്‍ജ്ജിന്‍റെ വീട്ടില്‍ പോയതുമുതല്‍ ഒരു വര്‍ഷത്തിലേറെ കാലം പീഡിപ്പിച്ചുവെന്നാണ് 16 കാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മൊഴി. പോക്സോ നിയമപ്രകാരം കേസെടുത്തതോടെ ജോര്‍ജ്ജ് ഒളിവില്‍ പോയി. ആരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് ഇരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പരാതി പുറത്തെത്തിയത്.

പരാതിയില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍‌ട്ടിനെ തുടര്‍ന്നാണ് പോലിസ് നടപടി. നിരന്തര പീഢനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പരാതി പുറത്തെത്തിയതോടെ പണം നല്‍കി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും മൊഴിയിലുണ്ട്. അന്വേഷണം പട്ടികവര്‍ഗ്ഗകാര്‍ക്കെ‌തിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്പെഷ്യല്‍ മൊബൈല്‍ സ്വക്വാഡിന് കൈമാറി. ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തതായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
ഇതിനിടെ ജോര്‍ജ്ജിനെ ബത്തേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്‍‌ഡ് സ്ഥാനത്തുന്നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ബാങ്കിലേക്ക് തള്ളികയറി. പോക്സോ, ബലാത്സം​ഗം, ആദിവാസി വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമം തടയുന്നതിനുള്ള വിവിധ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് ജോര്‍ജജ്ജിനെതിരെ കേസെടുത്തിരിക്കുന്നത്.

NO COMMENTS