എടിഎമ്മുകളില്‍ നാളെ മുതല്‍ 2000 രൂപാ നോട്ടുകളും ലഭ്യമാകും

267

ന്യൂഡല്‍ഹി• 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് ഉടലെടുത്ത അനിശ്ചിതാവസ്ഥ അയവില്ലാതെ തുടരവെ, പുതിയ 2000, 500 രൂപാ നോട്ടുകള്‍ നാളെ മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സാധിക്കുമെങ്കില്‍ ഇന്നുതന്നെ 2000 രൂപയുടേത് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ എടിഎമ്മുകളില്‍ ലഭ്യമാക്കാനാണു ശ്രമമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ക്കു പണം ലഭ്യമാക്കുന്നതിനുള്ള എല്ലാവിധ മാര്‍ഗങ്ങളും തുറന്നിടുക എന്നതിനാണു സര്‍ക്കാരിന്‍റെ പ്രഥമ പരിഗണനയെന്നു കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണത്തിനായി ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ജനങ്ങള്‍ മണിക്കൂറുകളോളം വരി നില്‍ക്കേണ്ടിവരുന്ന അവസ്ഥ പരിഗണിച്ച്‌, രാജ്യവ്യാപകമായി കൂടുതല്‍ മൈക്രോ എടിഎമ്മുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരുദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2,500 രൂപയാക്കി ഉയര്‍ത്തിയതു പുനഃക്രമീകരിച്ച എടിഎമ്മുകള്‍ക്കു മാത്രമേ ബാധകമാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. എടിഎമ്മുകളില്‍ പണമെത്തിക്കുന്നതു കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനായി പ്രത്യേക കര്‍മസേന രൂപീകരിക്കുമെന്നും ദാസ് അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ ഡപ്യൂട്ടി ഗവര്‍ണറാകും ഈ കര്‍മസേനയുടെ തലവന്‍. എടിഎമ്മുകളില്‍നിന്ന് ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ പണം പിന്‍വലിക്കാവൂ എന്ന നിബന്ധനയും പിന്‍വലിക്കും.

NO COMMENTS

LEAVE A REPLY