സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢ ശ്രമം നടത്തുകയാണെന്ന് സഹകരണമന്ത്രി എ.സി മൊയ്തീന്‍

267

തിരുവനന്തപുരം: സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന പ്രചാരണം അഴിച്ചുവിട്ട് സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢ ശ്രമം നടത്തുകയാണെന്ന് സഹകരണമന്ത്രി എ.സി മൊയ്തീന്‍. സഹകരണ പ്രതിസന്ധി പരിഹരിക്കാന്‍ സംയുക്ത പ്രമേയം പാസാക്കാനായി കൂടി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സഹകരണ മന്ത്രി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ മുമ്ബും ശ്രമമുണ്ടായിട്ടുണ്ട്. പക്ഷെ ഇതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിച്ച ചരിത്രമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ നിരോധിച്ച്‌ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുണ്ടായപ്പോള്‍ ആര്‍.ബി.ഐ അംഗീകാരമുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പോലും നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുമതി നല്‍കിയിട്ടില്ല. ഇത് നീതി നിഷേധമാണ്. ആര്‍.ബി.ഐ യുടെ ഈ നടപടിയിലൂടെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ആര്‍.ബി.ഐ യും കൂട്ടുനില്‍ക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിക്ഷേപകരുടെ വിവരങ്ങള്‍ നല്‍കാന്‍ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ അടക്കമുള്ളവ തയ്യാറാണ്. ഇവ പരിശോധിക്കാനുള്ള നിയമവും സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. എന്നിട്ട് പോലും പ്രാഥമിക സഹകരണ സംഘങ്ങളെ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് ആരോപിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും മന്ത്രി പറഞ്ഞു. ചെറുകിടക്കാരുടെ നിക്ഷേപമാണ് സഹകരണ ബാങ്കുളെ വളര്‍ത്തിയത്. പക്ഷെ ഇവരെയെല്ലാം കള്ളപ്പണക്കാര്‍ എന്നാണ് കേന്ദ്രം വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം ഉയര്‍ന്ന് വരണമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY