അരിഷ്ടം വില്‍ക്കുന്നതിനുള്ള എസ്പി 7 ലൈസന്‍സ് ചട്ടങ്ങളില്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

260

തിരുവനന്തപുരം• അരിഷ്ടം വില്‍ക്കുന്നതിനുള്ള എസ്പി 7 ലൈസന്‍സ് ചട്ടങ്ങളില്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആയൂര്‍വേദഷോപ്പുകളിലെ അരിഷ്ടവില്‍പ്പനയുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം നടത്തുന്ന പരിശോധനകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കടയുടമകളുടെ സംഘടന മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അരിഷ്ടവില്‍പ്പനയുടെ ലൈസന്‍സ് ചട്ടങ്ങളില്‍ ഇളവുവരുത്താനും രണ്ടുമാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ആയുഷ് വകുപ്പിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി. അതുവരെ റെയ്ഡുകള്‍ നടത്തരുതെന്നു എക്സൈസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.20,000 ത്തോളം ആയുര്‍വേദ റീട്ടെയില്‍ ഷോപ്പുകളാണ് സംസ്ഥാനത്തുള്ളത്.നിലവിലെ നിയമപ്രകാരം ഷോപ്പുകളില്‍ അരിഷ്ടവില്‍പ്പന നടത്തുന്നതിന് ആയുര്‍വേദ ഡോക്ടറുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ചികില്‍സയ്ക്കാവശ്യമായ നൂറു ലിറ്റര്‍ അരിഷ്ടം ഒരു ഡോക്ടര്‍ക്ക് സൂക്ഷിക്കാം. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ ആവശ്യത്തിനില്ലാത്തതിനാലും നിയമത്തിലെ വ്യവസ്ഥകള്‍ പ്രായോഗികമല്ലാത്തതിനാലും 450 ഷോപ്പുകള്‍ക്കുമാത്രമാണ് ലൈസന്‍സ് വിതരണം ചെയ്യാന്‍ കഴിഞ്ഞത്. തര്‍ക്കങ്ങളെത്തുടര്‍ന്നു ഒരു വര്‍ഷമായി എസ്പി 7 ലൈസന്‍സ് എടുക്കാന്‍ ഭൂരിഭാഗം ഷോപ്പുകളും തയ്യാറായിട്ടില്ല. ഇതിനിടയിലാണ് എസ്പി 7 ലൈസന്‍സില്ലാത്തതിന്റെ പേരില്‍ എക്സൈസ് വകുപ്പ് കടകളില്‍ റെയ്ഡ് ആരംഭിച്ചത്. കടയുടമകളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചതും നിയമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതും.
എല്ലാ ഡീലര്‍മാര്‍ക്കും ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് ആയുഷ് വകുപ്പ് അധികൃതര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
കടകളിലെ അരിഷ്ട വില്‍പ്പനയ്ക്ക് ഡോക്ടര്‍മാരുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള കാര്യങ്ങളില്‍ ഇളവ് വരുത്താനാണ് നീക്കം. അഞ്ചുവര്‍ഷം പ്രവര്‍ത്തനപരിചയമുള്ള സെയില്‍സ്മാന്‍ അല്ലെങ്കില്‍ കടയുടമയ്ക്ക് അരിഷ്ടം വില്‍ക്കാന്‍ അനുമതി നല്‍കുക, ഡോക്ടര്‍മാരുടെ ചികില്‍സാ ചീട്ടുള്ളവര്‍ക്ക് മാത്രം അരിഷ്ടം നല്‍കുക എന്നീ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.

NO COMMENTS

LEAVE A REPLY