2021ൽ 8500 പഠനമുറികൾ കൂടി ആരംഭിക്കും: മുഖ്യമന്ത്രി

18

തിരുവനന്തപുരം : 2021ൽ സംസ്ഥാനത്ത് എസ്. സി, എസ്. ടി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ഇപ്പോഴുള്ളതിന് പുറമെ 8500 പഠന മുറികൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്. സി, എസ്. ടി വിഭാഗങ്ങളിലെ പഠന മുറികളുടെ പൂർത്തീകരണ പ്രഖ്യാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുക യായിരുന്നു അദ്ദേഹം. പട്ടികജാതി വിദ്യാർത്ഥികൾക്ക് 12250 പഠനമുറികളും പട്ടികവർഗ വിദ്യാർത്ഥികൾക്ക് 250 സാമൂഹ്യ പഠനമുറികളുമാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്.

വീടുകളിൽ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ പഠനത്തിൽ പിന്നോട്ടു പോകുന്ന പട്ടികജാതി വിദ്യാർത്ഥി കൾക്ക് സ്വന്തമായൊരു പഠനമുറി നിർമിച്ചു നൽകാനാണ് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. വീടിനോടു ചേർന്ന് പുതിയൊരു മുറി നിർമിച്ച് അതിൽ പഠനസാമഗ്രികൾ ഒരുക്കിക്കൊടുക്കു ന്നതാണ് പദ്ധതി. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. പട്ടികവർഗ ഊരുകളിൽ സാമൂഹ്യ പഠനമുറികളാണ് നിർമിക്കുന്നത്. ഒരു പഠനമുറിയിൽ 30 വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്.

കമ്പ്യൂട്ടറും മറ്റ് അനുബന്ധ സംവിധാനങ്ങളും പഠനമുറികളിൽ ഒരുക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളിലെ അഭ്യസ്ത വിദ്യരായ യുവതീ യുവാക്കളെ തന്നെയാണ് ഇതിന്റെ ഫെസിലിറ്റേറ്റർമാരായി നിയമിച്ചത്. പഠിക്കുന്നവർക്കും പഠന ശേഷം ജോലി തേടുന്നവർക്കും ഒരു പോലെ പ്രയോജനകരമായ പദ്ധതിയാണിത്.പഠനമുറികൾ യാഥാത്ഥ്യമായതോടെ എസ്. എസ്. എൽ. സി, പ്‌ളസ് ടു പരീക്ഷകളിൽ ഈ വിഭാഗങ്ങളിലെ കുട്ടികൾക്ക് മികച്ച വിജയം നേടാനായി. എസ്. സി, എസ്. ടി വിഭാഗങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ കൂടുതൽ ശ്രദ്ധയോടെയാണ് സർക്കാർ ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി ഊരുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പഠനം ഗോത്രഭാഷയിലൂടെയായത് വലിയ മാറ്റം സൃഷ്ടിച്ചി ട്ടുണ്ട്. പഠനത്തിന് കൂടുതൽ വായ്പ സൗകര്യവും സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിക്കായി കൂടുതൽ തുകയും അനുവദിച്ചു. എസ്. സി., എസ്. ടി വിഭാഗങ്ങളിൽ ലൈഫ് പദ്ധതിയിൽ പേരു നൽകാൻ വിട്ടുപോയവർ ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്ന അവസരം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമ മന്ത്രി എ. കെ. ബാലൻ അധ്യക്ഷത വഹിച്ചു.

NO COMMENTS