പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ധനമേഖല സ്വാതന്ത്ര്യ സംരക്ഷണ പ്രസ്ഥാനം

213

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും തിരിച്ചുവരവിനു സാധ്യതയില്ലാത്ത വിധം തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ധനമേഖല സ്വാതന്ത്ര്യ സംരക്ഷണ പ്രസ്ഥാനം ആരോപിക്കുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കോർപ്പറേറ്റുകൾക്കുണ്ടായ നഷ്ടം ബാങ്കുകളുടെ ചുമലിൽ കെട്ടിയേൽപ്പിക്കുകയാണ്. ഇത് പൊതുമേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും ഇവർ പറയുന്നു. പൊതുധന സ്ഥാപനങ്ങളുടെ സംരക്ഷണം മുൻനിർത്തി രാജ്യവ്യാപകമായ പ്രചരണങ്ങൾ നടത്തുമെന്ന് ധനമേഖല സ്വാതന്ത്ര്യ സംരക്ഷണ പ്രസ്ഥാനം കൺവീനർ ഡോ. കെ. എൻ. ഹരിലാൽ പറഞ്ഞു. ഇതിന്റെ ഉത്ഘാടനം 18-ാം തിയതി വൈകിട്ട് 3.30 ന് പാളയം രക്തസാക്ഷി സ്തൂപത്തിന് സമീപം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക, ഊഹക്കച്ചവടത്തിനും ഊഹമൂലധനത്തിനുംമേൽ നിയന്ത്രണം ഏർപ്പെടുത്തുക, വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത കുത്തകകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക, അവരുടെ പേരുകൾ വെളിപ്പെടുത്തുക, കൃഷിക്കാർക്കും ചെറുകിടക്കാർക്കും ന്യായമായ പലിശനിരക്കിൽ വായ്പ ലഭ്യമാക്കുക, ബാങ്കു നിക്ഷേപത്തിന് സുരക്ഷയും ന്യായമായ പലിശയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 19 ന് വൈകുന്നേരം 5.30 മുതൽ 8.30 വരെ പാളയം രക്തസാക്ഷി സ്തൂപത്തിനു സമീപം മഹാസത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

NO COMMENTS