മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു

222

കോട്ടയം : മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു. 92 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . അദ്ദേഹം രണ്ട് തവണ മേഘാലയ ഗവർണറായിരുന്നു. ദേശീയ തലത്തില്‍ വ്യക്തിമുദ്ര പതിച്ച നേതാവായിരുന്നു അദ്ദേഹം. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ മലയാളി കൂടിയാണ് എം.എം ജേക്കബ്. കേന്ദ്രത്തില്‍ പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു. 1982ലും 88ലും രാജ്യസഭാംഗമായി 1986ല്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

1985ലും 1993ലും യു.എന്‍.ജനറല്‍ അസംബ്ലിയില്‍ രാജ്യത്തിന്റെ പ്രതിനിധിയായി അദ്ദേഹം സംസാരിച്ചിരുന്നു. സാമൂഹികസേവകന്‍, അധ്യാപകന്‍, അഭിഭാഷകന്‍, സംഘാടകന്‍, പരിശീലകന്‍, രാഷ്ട്രീയനേതാവ്, ഭരണാധികാരി, പ്രസംഗകന്‍, സഹകാരി, കായികതാരം ഇവയെല്ലാമായിരുന്ന അദ്ദേഹം. ഞായറാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ വച്ച്‌ മരണം സംഭവിക്കുകയുമായിരുന്നു.

NO COMMENTS