അധ്യാപകരുടെ ദുരിതങ്ങളോട് മുഖം തിരിച്ച് സർക്കാരും വിദ്യാഭ്യാസ വകുപ്പും

350

തിരുവനന്തപുരം : മുടങ്ങി കിടക്കുന്ന സ്ഥലം മാറ്റം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു കൂട്ടം അദ്ധ്യാപകർ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തി. പലതവണ ആവശ്യമുന്നയിച്ചിട്ടും സർക്കാരോ ബന്ധപ്പെട്ട വകുപ്പോ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണിത്. സാധാരണ ഗതിയിൽ അഞ്ചു വർഷം കൂടുമ്പോൾ അധ്യാപകരുടെ സ്ഥലംമാറ്റം നടക്കേണ്ടതാണ്. എന്നാൽ ഈ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.
ഇക്കാര്യത്തിൽ കഴിഞ്ഞ മൂന്നു വർഷമായ് സർക്കാർ തങ്ങൾക്ക് നേരെ മുഖം തിരിച്ചിരിക്കുകയാണ്.

ഇപ്പോൾ ജോലി ചെയ്യുന്ന സ്കൂളുകളിൽ ക്ലാർക്ക്, പ്യൂൺ തുടങ്ങിയ തസ്തികകളിൽ കൃത്യമായ നിയമനം നടത്താത്തതിനാൽ ഇവരുടെ ജോലികളും അദ്ധ്യാപകർ തന്നെ ചെയ്യേണ്ടി വരുന്നു. തങ്ങൾക്ക് അനുവദിച്ചിട്ടുള്ള ലീവ് പോലും വേണ്ടെന്ന് വെച്ച് കുട്ടികളുടെ ഭാവിയെ മുൻനിർത്തി മാത്രം സ്കൂളിലെത്തുന്നു.
എന്നിട്ടും ഇവരുടെ ന്യായമായ ആവശ്യങ്ങൾക്കു മുന്നിൽ അധികൃതർ കണ്ണടക്കുന്നു. ഏറെ വർഷങ്ങളായ് മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് സ്വന്തം നാട്ടിൽ തിരിച്ചെത്താനായുള്ള അവസാന ശ്രമമാണ് ഈ സമരമെന്നും ഇവർ പറയുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഹയർസെക്കന്ററി അധ്യാപകരാണ് വൈകിയ നേരത്തും സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന ധർണയിൽ പങ്കെടുത്തത്.
നയന ജോർജ് നെറ്റ്മലയാളം

NO COMMENTS