ഇന്ന് ബാബ്‌റി മസ്ജിദ് ദിനം

220

ന്യൂഡൽഹി : രാജ്യത്തിന്‍റെ മതേതര സങ്കൽപങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടിട്ട് ഇന്ന് 26 വർഷം. ആയുധധാരികളായ കർസേവകർ മസ്‌ജിദ്‌ തകർത്ത് കാൽനൂറ്റാണ്ടാകുമ്പോഴും കേസിന്‍റെ വിചാരണ പൂർത്തിയാകുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ബാബ്റി മസ്ജിദ് തകര്‍ത്തതിന്‍റെ വാര്‍ൽികം പ്രമാണിച്ച് വിഎച്ച്പി, ബജ്റംഗ്ദള്‍ എന്നിവ ഇന്ന് ശൗര്യ ദിവസമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുസ്ലീം സംഘടകള്‍ കരിദിനവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കനത്ത സുരക്ഷയിലാണ് ഇന്ന് അയോധ്യയും പരിസര പ്രദേശങ്ങളും. ഇതിന്‍റെ പശ്ചാത്തലത്തില്‍ 2500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

1992 ഡിസമ്പർ ആറിനാണ് മസ്‌ജിദ്‌ തകർക്കപ്പെടുന്നതും മൂവായിരത്തോളം പേർ കൊല്ലപ്പെടുന്നതും. മസ്‌ജിദ്‌ നിലനിന്ന ഭൂമിയുടെ അവകാശത്തിന്മേലുള്ള തർക്കം ഇന്നും നിലനിൽക്കുന്നു. ഹിന്ദു- മുസ്‌ലിം തർക്കം മതേതര ഇന്ത്യയിൽ രൂക്ഷമായതും മസ്‌ജിദ്‌ തകർക്കപ്പെട്ടതിന് ശേഷമാണ്. രാജ്യത്തെ നടുക്കിയ സംഭവം യഥാർത്ഥത്തിൽ നടുക്കിയത് ഇന്ത്യൻ ജനതയുടെ മനസാക്ഷിയെ തന്നെയായിരുന്നു. മുതിർന്ന ബിജെപി നേതാക്കളുടെ അനുവാദത്തോടെയും സാന്നിധ്യത്തിലുമായിരുന്നു മസ്‌ജിദ്‌ ഇടിച്ചു തകർത്തത്.ബിജെപിയിലെ മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളിമനോഹർ ജോഷി, ഉമാഭാരതി,വിഎച്ച്പി നേതാവ് വിനയ് കത്യാർ എന്നീ 12 പേർക്കെതിരായ വിചാരണ ഇപ്പോഴും തുടരുകയാണ്. അയോധ്യ കേസ് ജനുവരി ആദ്യവാരത്തിലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് ജനുവരിയിലേക്ക് മാറ്റിയത്.

NO COMMENTS