ആനയറ കടകംപള്ളി മിനി സിവിൽ സ്റ്റേഷന്റെ ശിലാസ്ഥാപന കർമ്മം റവന്യൂ മന്ത്രി നിർവഹിച്ചു

223

തിരുവനന്തപുരം: ആനയറ കടകംപള്ളി മിനി സിവിൽ സ്റ്റേഷന്റെ ശിലാസ്ഥാപന കർമ്മം റവന്യൂ മന്ത്രി ഇ .ചന്ദ്രശേഖർ നിർവഹിച്ചു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് മുൻഗണന നൽകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നവകേരള സൃഷ്ടിയിലൂന്നിയുള്ള പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് കടകംപള്ളിയിലെ ഈ മന്ദിരമെന്നും രണ്ടുവര്ഷത്തിലേറെയായി ഇരുന്നൂറിലധികം റവന്യൂ പ്രശ്നങ്ങൾ പരിഹരിക്കാനും കുടുങ്ങിക്കിടക്കുന്ന പല കേസുകളിലും തീർപ്പുകൽപ്പിക്കാനും അവർക്കു പട്ടയം നൽകുവാനും സർക്കാരിന് കഴിഞ്ഞത് നാം ഏവരും വലിയ വിജയത്തോടെ നോക്കിക്കാണുന്ന ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . റവന്യൂ , ഭവന നിർമാണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ സ്വാഗതം ആശംസിച്ച ചടങ്ങിന് സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ശരിയായ ദിശയിൽ മുന്നേറുന്ന കേരളാ സർക്കാർ ജനക്ഷേമത്തിന്റെ നേട്ടങ്ങളുടെ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. മാനവ വികസന സൂചികയിൽ ഉയർന്ന സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനമായി നമ്മുടെ കേരളം മാറിയതിൽ നമുക്കേവർക്കും അഭിമാനിക്കാം. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇ. എം. എസ്. ഗവണ്മെന്റ് മുതൽ ഇങ്ങു പിണറായി വിജയൻ ഗവണ്മെന്റ് വരെ ഇത്രയുമധികം പണം ജനോപകാര പ്രവർത്തനങ്ങളിൽ ചിലവഴിച്ചതായി നിങ്ങൾക്കേവർക്കുമറിയാം. പൊതുജനാരോഗ്യരംഗത്ത് മാറ്റം വരുത്തി വെണ്പാലവട്ടത്തു പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി. ഭവന നിർമാണ പദ്ധതിയിലും സാമൂഹിക ക്ഷേമ വകുപ്പിലും സർക്കാരിടപെട്ട് പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി. നാല്പത്തിയയ്യായിരം ക്ലാസ്സ്മുറികൾ സ്മാർട്ടാക്കുകയും എല്ലാ സർക്കാർ സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് പിണറായി സർക്കാരിന്റെ കാലത്താണ്. ദേശീയ ജലപാത ആരംഭിക്കുക വഴി നദികളിലേക്കും തോടുകളിലേക്കും ശുദ്ധജലം ഒഴുക്കി വിടാൻ സാധിക്കും ഹരിത കേരളം മിഷനുമായി ചേർന്ന് തിരുവനന്തപുരം ജില്ലയിലെ കിള്ളിയാർ, പത്തനംതിട്ട ജില്ലയിലെ വരട്ടാർ എന്നിവ നവീകരിക്കാനുള്ള ശുദ്ധീകരണ യഞ്ജം നടപ്പിലാക്കി വരുന്നു. ജനക്ഷേമം ആസൂത്രണം ചെയ്യുന്നത് വഴി ജനങ്ങളെ കൂടുതൽ സർക്കാരുമായി അടുപ്പിക്കുവാനും അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുനൽകുവാനും കഴിയുമെന്നാണ് താൻ പ്രധീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരള നിയമസഭാ ഡെപ്യുട്ടി സ്പീക്കർ വി. ശശി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ജില്ലാ കളക്‌ടർ ഡോ.എ .വാസുകി ഐ എ എസ്, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. ശ്രീകുമാർ, കടകംപള്ളി വാർഡ് കൗൺസിലർ ശോഭാ റാണി, കരിക്കകം വാർഡ് കൗൺസിലർ ഹിമ സിജി, സി.പി.ഐ. എം. കടകംപള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. മോഹനൻ, എൻ. സി. പി. സംസ്ഥാന സമിതിയംഗം കടകംപള്ളി സുകു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

NO COMMENTS