തിഹാര്‍ ജയിലിലെ 3000 തടവുകാരെ വിട്ടയ്ക്കും

171

ന്യൂഡല്‍ഹി: 3000 തടവുകാരെ പരോളിലോ ജാമ്യത്തിലോ വിട്ടയക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചു. രാജ്യത്തുടനീളം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് അടുത്ത മൂന്ന്, നാല് ദിവസത്തിനുള്ളില്‍ 3000 തടവുകാരെ വിട്ടയക്കാൻ തീരുമാനമായത് .

കൊറോണയുടെ സാഹചര്യത്തില്‍ തടവുകാരെ പുറത്തുവിടുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തിഹാര്‍ ജയില്‍ അധികൃതര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.1500 തടവുകാരെ പരോളില്‍ വിട്ടയക്കാനും 1500 പേരെ ഇടക്കാല ജാമ്യത്തില്‍ വിടാനുമാണ് തീരുമാനമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ഇത്രയധികം തടവുകാരെ ഒന്നിച്ച്‌ വിട്ടയക്കാന്‍ ജയില്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ തീരുമാനം.
കൊറോണ വ്യാപനം തടയാന്‍ മാര്‍ച്ച്‌ 31 വരെ സംസ്ഥാനം അടച്ചിടാന്‍ നേരത്ത ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ 30 പേര്‍ക്കാണ് ഡല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തു. അതേസമയം രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 467 ആയി ഉയര്‍ന്നു.

NO COMMENTS