ഇരുനൂറ്റി ഇരുപത്തിരണ്ടാം പൂരം ഇന്ന്.

186

സോമവാരവ്രതം നോറ്റെത്തുന്ന പകൽപാർവതിക്ക് പതിവിലേറെ മുഖപ്രസാദം.
ആദ്യപൂരം ആറാട്ടുപുഴ പൂരമാണെങ്കിലും ആദ്യന്തപൂരം തൃശ്ശിവപേരൂർ പൂരംതന്നെ. പുരം എന്ന പദത്തിന്റെ വികാസമാണ് പൂരം! ഒരു ദേശം (പുരം) അല്ലെങ്കിൽ പൗരൻ (ദേശവാസി) സ്വയം വികസിച്ച് യഥാക്രമം വിശ്വവും വിശ്വമാനവനുമാകുന്ന മഹാസംസ്കൃതിയാകുന്നു അത്.

കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ എന്ന് മഹാകവി പാലായ്ക്ക് പാടാനായത് ഇതുകൊണ്ടാണ്. ഈ ഭൂമുഖത്തെ ഏറ്റവും ഹൃദയഹാരിയായ കാഴ്ചയായി അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ തൃശ്ശൂർപൂരം സ്ഥാനം പിടിച്ചതും ഇങ്ങനെയാണ്. തൃശ്ശൂർ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായതും ഇതേ കാരണത്താലാണല്ലോ.

തൃശ്ശിവപ്പേരൂർ (തിരുശിവ പേര് ഊര്) ആണ്, നീട്ടിപ്പിടിച്ചു പറയുന്ന തൃശ്ശൂർ ഭാഷക്കാർ കുറുക്കിയെടുത്ത് തൃശ്ശൂരാക്കിയത്. ശിവന്റെ, സാക്ഷാൽ വടക്കുംനാഥന്റെ വന്ദ്യഭൂമികയാണ് ഇത്. ശിവൻ താണ്ഡവനാകുന്നു, താളമാകുന്നു, തദ്വാരാ ത്രിപുടയുമാകുന്നു. ശിവതാളസ്പന്ദനമില്ലാത്തതത്രയും ഈ പ്രപഞ്ചത്തിൽ ശവതാള സ്തംഭനമാകുന്നു! ശിവേതരം സർവം ശവം -നിശ്ചേതനം എന്നർഥം.

ഒരു പുരാവൃത്തം പകർത്താം -പൂർണ താളമായി ഈ പൂരമാസ്വദിക്കാൻ. കൈലാസമാണ് വേദി. താണ്ഡവമാണ് നൃത്തം. നടരാജനാണ് നർത്തകൻ. ശൂരപദ്മാവ് എന്ന ഒരു ശൈവൻ ഭഗവാന്റെ കൈയിലെ കടുന്തുടി ആഗ്രഹിച്ചു, അപേക്ഷിച്ചു. തുടികൊട്ടാനനുവദിച്ച് തന്നെയുംകൂടി ശിവതാണ്ഡവത്തിൽ പങ്കുചേരാനനുവദിക്കണമെന്ന് യാചിച്ചു. ഭഗവാൻ, കടുന്തുടിയുടെ കഥ കേൾപ്പിച്ച്, ഇത് തനിയ്ക്കല്ലാതെ മറ്റാർക്കും തൊടാനോ പ്രയോഗിക്കാനോ പാടില്ലെന്നറിയിച്ച്, തുടിരൂപത്തിൽ ഒരു വാദ്യോപകരണം നിർമിച്ചുകൊണ്ടുവരാൻ ശൂരപദ്മാവിനോട് ആവശ്യപ്പെട്ടു. തുടി നീണ്ടതുപോലെയുള്ള ഒരെണ്ണമുണ്ടാക്കി അദ്ദേഹം ശിവനു മുന്നിലെത്തി. നാദശരീരനായ ശങ്കരൻ, ഉപകരണത്തിന്റെ ഉദരത്തിൽ തന്റെ ഇടംകൈവിരലാൽ ഒരു ചെറുദ്വാരമിട്ട് കൊട്ടിനോക്കിയപ്പോൾ ഓംകാരം ധ്വനിച്ച തോം നാദം ജനിച്ചുവത്രെ!

ധിമി-ല (തിമില) എന്നു പേരിട്ട് ഈ വാദ്യയന്ത്രം തന്റെ ഭക്തോത്തമനായ ശൂരപദ്മാവിന് നൽകി അനുഗ്രഹിച്ചു ശിവപ്പെരുമാൾ. ആനന്ദതുന്ദിലനായ അദ്ദേഹം മൃത്യുഞ്ജയ ഹരഹര ശംഭോ എന്ന് സ്തുതിച്ച് ഭഗവദ്പാദങ്ങളിൽ പ്രണമിച്ചു. അപ്പോൾ ഇതുതന്നെയാണ് ഇതിന്റെ താളം-ത്രിപുട-എന്ന് താളഭൈരവൻ പറഞ്ഞുകൊടുത്തു. സാക്ഷാൽ പരമേശ്വരനിൽനിന്ന് ശൂരപദ്മാവിലൂടെ ഈ ഭൂമിയിലെത്തിയ തിമിലയിൽ അന്നമനടത്രയത്തിലെ ആചാര്യനും പഞ്ചവാദ്യത്തിന്റെ വാല്മീകിയുമായ പരമേശ്വരമാരാർ വിദ്വൽ പ്രയോക്താവും വിസ്മയവക്താവുമൊക്കെയായത് പരമേശ്വരത്വത്തിന്റെ യാദൃച്ഛികതയുടെ താളവിസ്മയമായിരിക്കുന്നു.

താണ്ഡവത്തിന്റെ തായും ലാസ്യത്തിന്റെ (ശ്രീപാർവതിയുടെ ശൃംഗാരനൃത്തം) അർധനാരീശ്വരഭാവത്തിൽ സമന്വയിച്ച് താളം ഉണ്ടായി എന്നുണ്ടല്ലോ. വർത്തമാന കാലവായ്ത്താരിയായ സ്ത്രീ- പുരുഷ സമതയുടെ ആദിതാളമല്ലേ ഈ ശിവപുരാണവൃത്തം. അങ്ങനെ എണ്ണുമ്പോൾ, ശിവതാളം തന്നെയാണ് ഈ പൂരവും പൂരമെന്ന പൂർണതാളവും.

ഓരോന്നായി നോക്കുമ്പോൾ, ഇന്ന് ഈ പുതുപൂരം കൂടുമ്പോൾ ഇവിടെ എട്ട് ഘടക പൂരങ്ങളും പാറമേക്കാവും തിരുവമ്പാടിയും വടക്കുംനാഥനെ സാക്ഷിയാക്കി വന്നുപോകുമ്പോൾ, സ്വരാജ്റൗണ്ടിലൂടെയാകുമ്പോൾ അത് വിശ്വനാഥന്റെ ഭ്രമണതാളമുണർത്തുന്നുണ്ട്.

ഇടകാലശേഷം ഇടയ്ക്ക-തിമില-മദ്ദളവാദനങ്ങൾ പഞ്ചവാദ്യത്തിന്റെ തനിയാവർത്തന താളമാകുന്നു. ഇടന്തല-വലന്തല-ഇലത്താളാദികൾ ഇലഞ്ഞിപ്പൂ പൊഴിക്കുന്ന മേളം അടന്താദ്ഭുതമാകുന്നു. ആകാരമായി ദീർഘിച്ച് ആകാരം പൂണ്ട ആനയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പൂരത്തിനിടയിൽ കണ്ട ആനയാനയുമെല്ലാം ഗജരാജവിരാജിത മന്ദഗതിയുടെ തോടകവൃത്ത നൃത്തതാളമാകുന്നു. ആലവട്ടം ഉയരുന്നതാകട്ടെ ആനപ്പുറത്തുള്ള താളവട്ടവും. മൂന്നുകുറി വെഞ്ചാമരം ഉയർന്നു താഴുമ്പോൾ ഉള്ള അലങ്കാരക്കുടമാറ്റത്തിൽ ശക്തൻ തമ്പുരാന്റെ രാജകീയ ഛത്രതാളം, ചാമരതാളം.

തെക്കോട്ടിറക്കത്തിൽ വൈലോപ്പിള്ളി ദർശിച്ച, പൂരം പൂത്തുലയുന്ന വൈചിത്ര്യ ചൈത്രതാളം. മേടച്ചൂടിൽ തലപഴുത്തു തളർന്നവരിൽ താലവൃന്ദതാളം. നിലപ്പന്തൽ നാലിലും നക്ഷത്രദീപജാലതാളം. രാപ്പൂരം വരവിൽ തനിയാവർത്തനതാളം. പടക്കം, പകിരി, ഗുണ്ട്, കുഴിമിന്നി, അമിട്ട്, ഡൈന എന്നിങ്ങനെ ക്രമാൽ പൊട്ടിക്കേറുന്ന കേറ്റത്തിൽ കാട്ടാളൻ ജോസിന്റെ രൗദ്രതാളം. അക്ഷരശ്ലോക അരങ്ങിൽ സംസ്കൃതവൃത്തസാഹിതീതാളം. കൂടിപ്പിരിയലിലോ അടുത്ത പൂരത്തിന് കാണാമെന്ന അഭിലാഷതാളം! ഇരുകൂട്ടർക്കും അവരവരുടെ പൂരം അതികേമമെന്ന അവകാശതാളം.

NO COMMENTS