ഓഖിയിൽ തൊഴിൽ രഹിതരായ മത്സ്യത്തൊഴിലാളികൾക്ക് 120 ഫൈബർ ബോട്ടുകൾ വിതരണം ചെയ്യും

113

തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ മത്സ്യബന്ധന യാനങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ട് തൊഴിൽ രഹിതരായ 259 മത്സ്യത്തൊഴിലാളി കൾക്ക് തൊഴിൽ നൽകുന്നതിന് 120 ഫൈബർ ബോട്ടുകൾ വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട നിർമ്മാണ ഏജൻസികൾക്ക് കോവളം ആനിമേഷൻ സെന്ററിൽ ബോട്ട് നിർമ്മാണ ഉത്തരവ് കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഓഖി ദുരന്തത്തിൽ 143 മത്സ്യത്തൊഴിലാളികൾക്ക് ജീവഹാനി സംഭവിക്കുകയും ജീവനോപാധികൾക്ക് നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ജീവനോപാധികൾ നഷ്ടപ്പെട്ടതുമൂലം ഉണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയാതെ വന്ന സാഹചര്യം കൂടി പരിഗണിച്ചാണ് 120 ബോട്ടുകൾ മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിൽ വിതരണം ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഗുണഭോക്താക്കളായി നാലു മുതൽ അഞ്ച്‌വരെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ മത്സ്യബന്ധന യൂണിറ്റിലും എഫ്.ആർ.പി. യാനം രണ്ട് എൻജിനുകൾ, മറ്റ് മത്സ്യബന്ധന ഉപകരണങ്ങൾ, കടൽ സുരക്ഷാ ഉപകരണങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടും. മത്സ്യത്തൊഴിലാളി സംഘങ്ങൾ കണ്ടെത്തിയ യാർഡുകളിലാണ് യാനങ്ങളുടെ നിർമ്മാണം നടത്തുന്നത്.

120 യാനങ്ങൾക്കായി 9.60 കോടി രൂപ ചെലവഴിക്കും. തിരുവനന്തപുരത്ത് 75, കൊല്ലം 15, ആലപ്പുഴ 17, തൃശ്ശൂർ 8, മലപ്പുറം 3, കോഴിക്കോടും കാസർകോടും ഒന്നു വീതവും ഗ്രൂപ്പുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ സന്ധ്യ. ആർ, എം. ശ്രീകണ്ഠൻ, എൻ.എ. റഷീദ്, പുല്ലുവിള സ്റ്റാൻലി, ഓസ്റ്റിൻ ഗോമസ്സ്, റ്റി. പിറ്റർ, ബീന സുകുമാർ എന്നിവർ പങ്കെടുത്തു.

NO COMMENTS