ജില്ലയിൽ മികവിൻ്റെ കേന്ദ്രങ്ങളാക്കിയ 10 സ്കൂളുകൾ നാടിനു സമർപ്പിച്ചു

10

തിരുവനന്തപുരം :പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ മികവിന്റെ കേന്ദ്രങ്ങളാക്കിയ 10 വിദ്യാലയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് രണ്ടു കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഏഴു കെട്ടിടങ്ങളും നബാർഡിന്റെ സഹായം ഉപയോ ഗിച്ച് ഒരു സ്കൂൾ കെട്ടിടവുമാണ് നിർമിച്ചത്. ജില്ലയിലെ മൂന്നു സ്കൂളുകൾക്കു പുതിയ കെട്ടിടങ്ങൾ നിർമിക്കുന്ന തിൻ്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.

ഭാവി തലമുറയെക്കൂടി കണ്ടു കൊണ്ടാണ് സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുത്തുന്നതെന്നു ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളെയാകെ മികവിൻ്റെ കേന്ദ്രമാക്കുക എന്നതാണു പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. ഇതിനു തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർഥികൾ തുടങ്ങി എല്ലാവരുടേയും സഹകരണമുണ്ടായി. ഇതിൻ്റെ ഫലമായാണു പൊതു വിദ്യാലയങ്ങളിലേക്കെത്തുന്ന വിദ്യാർഥികളുടെ എണ്ണം വലിയ തോതിൽ കൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവ. ജി.എച്ച്.എസ്.എസ് മലയിന്‍കീഴ്, ഗവ. എച്ച്.എസ്.എസ് വെഞ്ഞാറമൂട് എന്നീ വിദ്യാലയങ്ങളെയാണ് കിഫ് ബി യുടെ അഞ്ചു കോടി രൂപ ഉപയോഗിച്ചു മികവിൻ്റെ കേന്ദ്രങ്ങളാക്കിയത്. പ്ലാന്‍ ഫണ്ട് ചെലവഴിച്ചു ഗവ. യു. പി.എസ് കുടപ്പനക്കുന്ന്, ഗവ. എച്ച്.എസ്.എസ് ഞെക്കാട്, ഗവ. എല്‍.പി.എസ് കുളത്തുമ്മല്‍, ഗവ. യു. പി. എസ് വെള്ളറട, ജി. യു.പി.എസ് കൊഞ്ചിറ, ഗവ. എല്‍.പി.എസ് നെടുമങ്ങാട്, ഗവ. ജി. എച്ച്. എസ്. എസ് കരമന എന്നിവയ്ക്കും നബാര്‍ഡ് ഫണ്ടുപയോഗിച്ച് ധനുവച്ചപുരം എന്‍.കെ.എം.ജി.എച്ച്.എസ്.എസിനും പുതിയ കെട്ടിടങ്ങൾ നിർമിച്ചു.

ഡയറ്റ് യു.പി.എസ് ആറ്റിങ്ങല്‍, ഗവ. വി.എച്ച്.എസ്.എസ് കുളത്തൂര്‍ നെയ്യാറ്റിന്‍കര, ഗവ. എച്ച്.എസ്.എസ് പാളയംകുന്ന് എന്നിവിടങ്ങളിലാണു പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിൻ്റെ ശിലാസ്ഥാപനം നടന്നത്.

ഓൺലൈനിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വ്യവസായ മന്ത്രി ഇ. പി. ജയരാജൻ എന്നിവർ സംസാരിച്ചു.

പ്രാദേശികാടിസ്ഥാനത്തിൽ വിവിധ നിയോജക മണ്ഡലങ്ങളിൽ എം.എൽ.എ.മാരുടെ നേതൃത്വത്തിൽ ചടങ്ങുകൾ സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു നടന്ന ചടങ്ങിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു.

NO COMMENTS