ഫിലിപ്പീൻസിലെ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു

191

മനില ∙ ഫിലിപ്പീൻസിലെ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ദക്ഷിണ ഫിലിപ്പീൻസിലെ ദാവോ നഗരത്തിലാണ് സ്ഫോടനമുണ്ടായത്. ഫിലിപ്പീൻ പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടെർട് സുരക്ഷിതനാണ്. സംഭവസ്ഥലത്തുനിന്നും ഐഇഡി കണ്ടെടുത്തു. രണ്ടു മില്യൺ ജനങ്ങൾ താമസിക്കുന്ന ദക്ഷിണ ഫിലിപ്പീൻസിലെ വലിയ നഗരമാണ് ദാവോ.

ആഡംബര ഹോട്ടലായ മാർക്കോ പോളോയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. വിനോദ സഞ്ചാരികളും വ്യവസായികളും ഏറെയുള്ള സ്ഥലമാണിത്. പരുക്കേറ്റ മുപ്പതുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് സൈനിക വക്താവ് അറിയിച്ചു. അതേസമയം, 60 പേർക്ക് പരുക്കേറ്റെന്നും 12 പേർ മരിച്ചതായും പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.

ഇസ്‍ലാമിക തീവ്രവാദികളും കമ്മ്യൂണിസ്റ്റ് വിമതരും നിരന്തരം ദാവോ നഗരത്തിൽ അക്രമങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇന്നുണ്ടായ അക്രമത്തിന് പിന്നാൽ ആരാണെന്ന് അധികാരികൾ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 12 സൈനികർ കൊല്ലപ്പെട്ടിരുന്നു.