ജഡ്ജിയുടെ മൊഴിയെടുക്കാൻ വിജിലന്‍സ് അനുമതി തേടി

544

കൊച്ചി∙ സ്വർണ കള്ളക്കടത്ത് പരിഗണിച്ച ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തിൽ ജസ്റ്റിസ് കെ.ടി.ശങ്കരന്റെ മൊഴിയെടുക്കാന്‍ വിജിലന്‍സ് അനുമതി തേടി. ഇതിനായി അന്വേഷണച്ചുമതലയുളള വിജിലൻസ് എസ്പി ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയാണ് കത്ത്.

ജൂണ്‍ ആറിനാണ് സ്വർണക്കടത്ത് കേസിൽ അനുകൂല വിധി പറയാൻ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്യപ്പെട്ട കാര്യം ജസ്റ്റിസ് കെ.ടി.ശങ്കരൻ വെളിപ്പെടുത്തിയത്. കോഴ വാഗ്ദാനം ചെയ്യപ്പെട്ട സ്ഥിതിക്ക് താൻ കേസ് പരിഗണിക്കുന്നത് ധാർമികതയ്ക്കു യോജിച്ചതല്ലെന്ന് പറഞ്ഞ് അദ്ദേഹം കേസിൽ നിന്നു പിന്മാറുകയും ചെയ്തു.

ജസ്റ്റിസ് ശങ്കരൻ ഇക്കാര്യം അറിയിച്ചപ്പോൾ കോടതിയിലുണ്ടായിരുന്ന അഭിഭാഷകരുടെയും റജിസ്റ്റർ ജനറലിന്റെയും മൊഴി നേരത്തെ തന്നെ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ഒരു സുഹൃത്തുവഴിയാണ് തനിക്കു കോഴ വാഗ്ദാനം ലഭിച്ചതെന്ന് ജഡ്ജി പറഞ്ഞതായാണ് ഇവർ മൊഴി നൽകിയതതെന്നാണ് വിവരം.

വിജിലൻസ് മേധാവി ജേക്കബ് തോമസിന്റെ നിർദേശപ്രകാരം വിജിലൻസ് എറണാകുളം സ്പെഷൽ സെൽ എസ്പിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

NO COMMENTS

LEAVE A REPLY