അഞ്ജു ബോബി ജോര്‍ജിനെതിരെ ഗുരുതര ആരോപണങ്ങള്‍

919

തിരുവനന്തപുരം: കായികമന്ത്രി ഇ.പി. ജയരാജന്‍ ആക്ഷേപിച്ചെന്നു മുഖ്യമന്ത്രിയോട് പരാതിപ്പെട്ട സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരേ വഴിവിട്ട നിയമനമടക്കം ഗുരുതര ആരോപണങ്ങള്‍.പ്രസിഡന്റ് സ്ഥാനം മുഴുവന്‍ സമയ പ്രവര്‍ത്തനമായിരിക്കെ അഞ്ജു മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ബംഗളുരുവില്‍നിന്നു വന്നുപോകുന്നുവെന്നാണ് ആദ്യം ഉയര്‍ന്ന ആക്ഷേപം. അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരനും കായികതാരം സിനിമോള്‍ പൗലോസിന്റെ ഭര്‍ത്താവും പരിശീലകനുമായ അജിത് മാര്‍ക്കോസിനെ 80,000 രൂപ ശമ്ബളത്തില്‍ അസി. സെക്രട്ടറി ടെക്നിക്കല്‍ വിഭാഗത്തിലുള്ള ഒഴിവില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിയമിക്കാന്‍ നടത്തിയ ശ്രമവും അഞ്ജുവിനെതിരെ ആരോപിക്കുന്നു.
അഞ്ജുവിന്റെ ജോലിക്കിടെ വീണുകിട്ടുന്ന സമയങ്ങളില്‍ മാത്രം സംസ്ഥാനത്തിന്റെ കായിക കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എങ്ങനെ കഴിയുമെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. ആരോപണങ്ങളുടെ പേരില്‍ അഞ്ജുവിനെ മാറ്റാന്‍ പുതിയ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നും കൗണ്‍സില്‍ പ്രവര്‍ത്തനത്തിന് മുഴുവന്‍ സമയവും വിനിയോഗിക്കാന്‍ കഴിയുന്ന വ്യക്തിയെയാണ് അഞ്ജുവിനു പകരം നോക്കുന്നതെന്നും യോഗത്തില്‍ മന്ത്രി ഇ.പി. ജയരാജന്‍ അഞ്ജുവിനോടു പറഞ്ഞതായാണു സൂചന.ഇതിനെ തുടര്‍ന്നാണ് അഞ്ജു മുഖ്യമന്ത്രിക്കു മുന്നില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ സ്പോര്‍ട്സ് കൗണ്‍സിലിന് നിയമനം നടത്താന്‍ അധികാരമില്ലെന്നും കായികമന്ത്രി ഉന്നയിച്ച ഏതു ആരോപണത്തിലും അന്വേഷണം നേരിടാന്‍ തയാറാണെന്നും അഞ്ജു പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY