സുഗന്ധവ്യഞ്ജന പാതയുടെ പാരമ്പര്യം വീണ്ടെടുക്കാന്‍ കേരളം, ഭക്ഷ്യമേള

918

കൊച്ചി :ഗതകാല യാത്രകളെ അനുസ്മരിപ്പിക്കുംവിധം പാചകവൈദഗ്ധ്യം, വ്യാപാരം, സൗഹൃദം, സാംസ്‌കാരിക വിനിമയം എന്നിവയുടെ പാരമ്പര്യം പുനരാവിഷ്‌കരിക്കാന്‍ കേരളത്തിലെത്തുകയാണ് ചരിത്രപ്രസിദ്ധമായ സുഗന്ധവ്യഞ്ജനപാതയിലുടനീളമുള്ള 15 രാജ്യങ്ങളിലെ യാത്രികര്‍.

രണ്ടായിരം വര്‍ഷം പഴക്കമുള്ള വാണിജ്യനാവികപാതയിലുടനീളം കണ്ടുവരുന്ന രുചിഭേദങ്ങള്‍ ആഘോഷിക്കാന്‍ സംഘടിപ്പിക്കപ്പെടുന്ന സ്‌പൈസ് റൂട്ട് കളിനറി ഫെസ്റ്റിവലിന് (ഭക്ഷ്യമേള) സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച തുടക്കം കുറിക്കും. വിനോദസഞ്ചാര മന്ത്രാലയവും യുനെസ്‌കൊയുമായി സഹകരിച്ച് കേരള ടൂറിസം സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടിലെ വേദിയില്‍ സെപ്റ്റംബര്‍ 26 തിങ്കളാഴ്ച്ച വരെ തുടരും.

ഈജിപ്റ്റ്, ഇറാന്‍, ലെബനന്‍, ജര്‍മ്മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, തായ്‌ലാന്‍ഡ്, ഒമാന്‍, തുര്‍ക്കി, ഖത്തര്‍, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, മലേഷ്യ, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളിലെ പ്രമുഖ പാചകവിദഗ്ധര്‍ ഭക്ഷ്യമേളയുടെ ആദ്യ ദിവസം ദൈവത്തിന്റെ സ്വന്തം നാടിന്റെ സാംസ്‌കാരിക, രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കുകയും കേരളത്തിന്റെ പരമ്പരാഗത പാചകരീതിയെക്കുറിച്ചുള്ള പാചക പ്രദര്‍ശനം, ഭക്ഷ്യസംബന്ധിയായ ചര്‍ച്ചകള്‍ എന്നിവയില്‍ പങ്കെടുക്കുകയും ചെയ്യും.

ശനിയാഴ്ച മത്സരാര്‍ഥികള്‍ കൊച്ചിയിലെ മാര്‍ക്കറ്റുകളില്‍ നിന്ന് പ്രാദേശിക വിഭവങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഭക്ഷ്യമേളയുടെ പ്രധാന ആകര്‍ഷണമായ സെപ്റ്റംബര്‍ 25 ഞായറാഴ്ച്ച നടക്കുന്ന അന്താരാഷ്ട്ര പാചക മത്സരത്തില്‍ തങ്ങളുടെ നാടുകളിലെ തനതായ പാചകസമ്പ്രദായം അവതരിപ്പിക്കും.

യുനെസ്‌കൊ ഉദ്യോഗസ്ഥര്‍, ഈ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍, എംബസി പ്രതിനിധികള്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് പ്രമുഖര്‍ എന്നിവരും മേളയില്‍ വിശിഷ്ടാഥിതികളാകും. ഇന്ത്യയിലെ നെതര്‍ലാന്‍ഡ്‌സ് സ്ഥാനപതി അല്‍ഫോണ്‍സസ് സ്‌റ്റോലിങ്ഗ, ഭൂട്ടാന്‍, ഇന്ത്യ, ശ്രീലങ്ക, മാലദ്വീപുകള്‍, എന്നിവിടങ്ങളിലേക്കുള്ള യുനെസ്‌കൊ പ്രതിനിധിയും ഡയറക്ടറുമായ ഷിഗെരു ഒയഗി, കോണ്‍സല്‍ ജനറല്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

വിനോദസഞ്ചാരത്തിലും വാണിജ്യത്തിലും പ്രമുഖസ്ഥാനത്തുണ്ടായിരുന്ന കേരളത്തിന്റെ പാരമ്പര്യം വ്യക്തമാക്കാനും പ്രാചീന സുഗന്ധവ്യഞ്ജനപാതയിലുടനീളം സ്ഥാപിതമായ ബന്ധങ്ങള്‍ ആദരിക്കാനും തുടരാനും സഹായിക്കുന്ന ഈ സംരംഭത്തിന് ആതിഥ്യം വഹിക്കുന്നതിന് അഭിമാനമുണ്ടെന്ന് ടൂറിസം മന്ത്രി ശ്രീ. എ. സി. മൊയ്തീന്‍ പറഞ്ഞു. ഭക്ഷ്യമേളയുടെ ഉദ്ഘാടനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളെ കാണുകയും സമാപനചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ഭക്ഷ്യമേളയ്ക്ക് അനുബന്ധമായി കേരള ടൂറിസം പ്രാദേശിക പാചകവിദഗ്ധര്‍ക്കായി സംഘടിപ്പിക്കുന്ന പ്രാദേശിക പാചകമത്സരത്തിലൂടെ സംസ്ഥാനത്തിന്റെ തനത് സ്വാദും രുചിഭേദങ്ങളും മേളയില്‍ ഇടം നേടും. സെപ്റ്റംബര്‍ 19ന് ആരംഭിച്ച കേരള ഷെഫ് യോഗ്യതാ മത്സരങ്ങള്‍ക്ക് കോഴിക്കോട്, കളമശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ മത്സരവേദികളില്‍ സജീവ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. വിദഗ്ധരുടെ പാനല്‍ തെരഞ്ഞെടുത്ത മികച്ച പ്രകടനം കാഴ്ച്ചവച്ച മത്സരാര്‍ഥികള്‍ക്ക,് ഭക്ഷ്യമേളയുടെ അവസാന ദിവസം പ്രൊഫഷണല്‍ ഷെഫുമാര്‍ക്കും അമച്വര്‍ പാചകതത്പരര്‍ക്കുമായി നടക്കുന്നതും കടുത്ത മത്സരം പ്രതീക്ഷിക്കപ്പെടുന്നതുമായ പ്രത്യേകം ഫൈനലുകളില്‍ പങ്കെടുക്കാനുള്ള സുവര്‍ണ്ണാവസരം ലഭിക്കും.

പൊതുജനങ്ങള്‍ക്ക് ഭക്ഷ്യമേള കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. പക്ഷേ വിഭവങ്ങള്‍ ആസ്വദിക്കാനാവില്ല.
സുഗന്ധവ്യഞ്ജനപാതയുടെ കേന്ദ്രസ്ഥാനം എന്ന നിലയിലുള്ള കേരളത്തിന്റെ ചരിത്രം സംസ്ഥാനത്തിന്റെ ഇന്നത്തെ സാര്‍വലൗകികതയിലും പങ്കാളിത്ത നൈതികതയിലും പ്രതിഫലിച്ചിരിക്കുന്നതായി ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു. സംസ്ഥാനത്തിന് ഒരു വേദി എന്നതിലുപരി ജനതകള്‍ തമ്മിലെ ബന്ധം, സാംസ്‌കാരിക ടൂറിസം, സംസ്‌കാരാന്തര സംവാദം, പൈതൃകസംരക്ഷണം എന്നിവ പ്രചരിപ്പിക്കുന്നതിനായുള്ള ഒരു പ്രധാന ചുവടുവയ്പ്പുകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറ്റാണ്ടുകള്‍ അതിജീവിച്ചതും ലോകത്തെമ്പാടുമുള്ള വ്യത്യസ്ത ജനതകളേയും ആശയങ്ങളേയും ഒന്നിച്ചുകൊണ്ടുവന്നതുമായ ബന്ധങ്ങള്‍ സ്ഥാപിക്കാനും വളര്‍ത്താനും സുഗന്ധവ്യഞ്ജനങ്ങളുടേയും മറ്റ് ചരക്കുകളുടേയും കൈമാറ്റം കേരളത്തേയും വാണിജ്യ പങ്കാളികളേയും സഹായിച്ചതായി കേരളാ ടൂറിസം ഡയറക്ടര്‍ ശ്രീ. യു. വി. ജോസ് പറഞ്ഞു. ഈ സംരംഭവും ഇതിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY