വിദ്യാർഥിനിയെ ക്ലീനിങ് ലോഷൻ കുടിപ്പിച്ചത് മലയാളി പെൺ‌കുട്ടികൾ

552
photo courtsy : manorama online

കോഴിക്കേട്∙ കർണാടകയിൽ മലയാളിയായ നഴ്സിങ് വിദ്യാർഥിനിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ രണ്ടു മലയാളി പെൺകുട്ടികളെ പ്രതികളാക്കി പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവരാണ് പ്രതികൾ. എഫ്ഐആറുമായി കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കർണാടകയിലേക്ക് തിരിച്ചു. റാഗിങ് ആത്മഹത്യാശ്രമമായി മാറ്റാൻ ശ്രമിച്ചെന്നും ആരോപണമുയർന്നിട്ടുണ്ട്.
വിവസ്‌ത്രയായി നൃത്തംചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിലാണു മുതിർന്ന വിദ്യാർഥിനികൾ ബലം പ്രയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ലായനി തന്നെ കുടിപ്പിച്ചതെന്ന് ക്രൂരമായ റാഗിങ്ങിനു വിധേയയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതരാവസ്‌ഥയിൽ കഴിയുന്ന ദലിത് വിദ്യാർഥിനി അശ്വതി പറഞ്ഞു. കർണാടക ഗുൽബർഗയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ ഹോസ്‌റ്റലിലാണ് എടപ്പാൾ പുള്ളുവൻപടി കളരിക്കൽ പറമ്പിൽ അശ്വതി(19) റാഗിങ്ങിന് ഇരയായത്.ന്നാംവർഷ നഴ്‌സിങ് വിദ്യാർഥിനിയായ അശ്വതിയെ കോളജ് ഹോസ്‌റ്റലിൽ സീനിയർ വിദ്യാർഥിനികളായ എട്ടുപേർ ചേർന്നു ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലായനി ബലമായി കുടിപ്പിക്കുകയായിരുന്നു. അതിക്രൂരമായ റാഗിങ്ങിന്റെ രംഗങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്‌തു. അവശനിലയിലായ അശ്വതിയെ ഏതാനും ദിവസം അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസെത്തി മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ കഴിയാത്തതിനാൽ തിരിച്ചുപോയി.

വീണ്ടും മൊഴിയെടുക്കാൻ എത്തുമെന്ന സൂചനയെത്തുടർന്നു മുതിർന്ന വിദ്യാർഥികൾ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ ഡിസ്‌ചാർജ് ചെയ്യിപ്പിക്കുകയായിരുന്നെന്നു പറയുന്നു. പിന്നീട് സഹപാഠികൾക്കൊപ്പം നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. ആദ്യം എടപ്പാളിലെയും പിന്നീടു തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും വെള്ളം ഇറക്കാൻപോലും കഴിയാതെ അവശനിലയിലായതിനാൽ വിദഗ്‌ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.

നിലവിൽ ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിയാണു ജീവൻ നിലനിർത്തുന്നത്. സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതിഷേധം ശക്‌തമായി. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ദലിത് സംഘടനകൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കോളജിൽ പ്രവേശിച്ച സമയം മുതൽ മുതിർന്ന വിദ്യാർഥികൾ മാനസികമായി പീഡിപ്പിച്ചിരുന്നതായി അശ്വതി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായതിനാൽ ബുദ്ധിമുട്ടുകൾ സഹിച്ചും ഇവിടെ തുടരുകയായിരുന്നു. സംഭവം നടന്ന് ആഴ്‌ചകൾ പിന്നിട്ടിട്ടും കോളജ് അധികൃതർ കുറ്റക്കാർക്കെതിരെ നടപടിയെടുത്തിട്ടില്ല. കേരള–കർണാടക മുഖ്യമന്ത്രിമാർക്കും ഡിജിപി ഉൾപ്പെടെയുള്ളവർക്കും ബന്ധുക്കൾ പരാതി നൽകി.
Courtsy : Manorama online

NO COMMENTS

LEAVE A REPLY