പോര്‍ച്ചുഗലിന്റെ വിജയം എതിരില്ലാത്ത ഏഴു ഗോളിന്.

667

ലിസ്ബണ്‍• എസ്തോണിയയെ ഗോള്‍മഴയില്‍ മുക്കി പോര്‍ച്ചുഗലിന്റെ യൂറോ കപ്പ് പടയൊരുക്കം. കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ കളത്തിന് പുറത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടി തിരിച്ചുവരവ് ആഘോഷിച്ച മല്‍സരത്തില്‍ പോര്‍ച്ചുഗലിന്റെ വിജയം എതിരില്ലാത്ത ഏഴു ഗോളിന്. ഇതോടെ പോര്‍ച്ചുഗലിനായുള്ള റൊണാള്‍ഡോയുടെ ഗോള്‍ സമ്ബാദ്യം 58 ആയി. റൊണാള്‍ഡോയ്ക്ക് പുറമെ റിക്കോര്‍ഡോ ക്വറേസ്മയും ഇരട്ടഗോള്‍ നേടി. മറ്റു രണ്ടു ഗോളുകള്‍ ഡാനിലോ, ഏഡര്‍ എന്നിവര്‍ നേടി. റൊണാള്‍ഡോയെ കോച്ച്‌ പകുതി സമയം പിന്നിട്ടപ്പോള്‍ തന്നെ പിന്‍വലിച്ചിരുന്നു.
കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് 1-0ന് തോറ്റ പോര്‍ച്ചുഗല്‍ അതിന് മുന്‍പു നടന്ന മല്‍സരത്തില്‍ നോര്‍വെയെ 3-0ന് തകര്‍ത്തിരുന്നു.
ചൊവ്വാഴ്ച ഐസ്ലന്‍ഡിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ യൂറോ കപ്പ് മല്‍സരം. ഓസ്ട്രിയ, ഹംഗറി എന്നിവരാണ് പോര്‍ച്ചുഗലിന്റെ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അതേസമയം, എസ്തോണിയയ്ക്ക് യൂറോ കപ്പിന് യോഗ്യത നേടാനായിരുന്നില്ല.
ഇതുവരെ ഒരു പ്രധാന കിരീടം പോലും സ്വന്തമാക്കാനായിട്ടില്ലെന്ന പോരായ്മ നികത്താനുദ്ദേശിച്ചാണ് ഇത്തവണ പോര്‍ച്ചുഗല്‍ യൂറോ കപ്പിനെത്തുന്നത്. 2004ല്‍ സ്വന്തം നാട്ടില്‍ നടന്ന യൂറോ കപ്പില്‍ ഫൈനലില്‍ എത്താനായതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. അന്ന് ഫൈനലില്‍ ഗ്രീസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗല്‍ പരാജയപ്പെടുകയായിരുന്നു.