നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

576

തിരുവനന്തപുരം: കോഴിക്കോട് മലാപ്പറമ്ബ് എയുപി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സുപ്രീംകോടതി വിധിക്ക് വിധേയമായിട്ടാകും നടപടി. സ്കൂള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഇതേരീതിയില്‍ മറ്റു മൂന്നു സ്കൂളുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മാങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് സ്കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ള മറ്റ് മൂന്ന് സ്കൂളുകള്‍. മാനേജ്മെന്റിന് നഷ്ടപരിഹാരം മാനേജ്മെന്റിന് നഷ്ടപരിഹാരം നല്‍കിയാണ് സ്കൂളുകള്‍ ഏറ്റെടുക്കുകയെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, സ്കൂള്‍ ഏറ്റെടുക്കുന്നതിന് നിയമ തടസ്സമില്ലെന്ന് നിയമസെക്രട്ടറി അറിയിച്ചു. മന്ത്രിസഭ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കണമെന്നും നിയമോപദേശം നല്‍കി. സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറല്‍ നാളെ ഹൈക്കോടതിയെ അറിയിക്കും. മലാപ്പറമ്ബ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥി സംഘടനകളായ എസ്‌എഫ്‌ഐയും കെഎസ്യുവും ആവശ്യപ്പെട്ടിരുന്നു. അതേസമയം, പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ട കോഴിക്കോട് മലാപ്പറമ്ബ് സ്കൂളില്‍ പ്രതിഷേധം തുടരുകയാണ്. പൊലീസ് സേനയെ സ്കൂളില്‍ നിന്ന് ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. ജൂണ്‍ എട്ടിനകം സ്കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
മിക്ക സ്കൂളുകളും റോഡരികില്‍ കണ്ണായ സ്ഥലങ്ങളിലാണെന്നതിനാല്‍ സ്ഥലംവിറ്റാല്‍ മാത്രം കോടികള്‍ കയ്യില്‍വരും. ഈ ലക്ഷ്യത്തിലാണ് സ്കൂളുകള്‍ പൂട്ടാനും സ്ഥലം വിട്ടുനല്‍കാനും ആവശ്യപ്പെട്ട് ഒട്ടുമിക്ക മാനേജര്‍മാരും സര്‍ക്കാരിന് നോട്ടീസ് നല്‍കുന്നത്. ഇപ്പോള്‍ പൂട്ടാനൊരുങ്ങുന്ന സ്കൂളുകളുടെ കാര്യത്തിലെല്ലാം ഇതാണ് സംഭവിച്ചത്. പക്ഷേ, ഒരു വര്‍ഷംമുമ്ബ് നോട്ടീസ് നല്‍കിയ സ്കൂളുകളെ തടയാനോ മാനേജര്‍മാരുമായി ചര്‍ച്ചനടത്താനോ പോലും കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് വ്യാപകമായി ആക്ഷേപമുയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അബ്ദുറബ്ബിനെതിരെ മുസ്ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗ് തന്നെ രംഗത്തുവന്നുകഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് അദ്ദേഹം കീഴ്പ്പെട്ടോ എന്ന് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാര്‍ സ്കൂള്‍ പൂട്ടല്‍ വിഷയത്തില്‍ മാനേജര്‍മാര്‍ക്കൊപ്പം നിന്നെന്ന വിഷയം ഉന്നയിച്ച്‌ മുന്‍ മന്ത്രി അബ്ദുറബ്ബിനും ലീഗിനുമെതിരെ പ്രചരണം ശക്തമാകുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ ഏതുവിധേനയും സംരക്ഷിക്കാനായാല്‍ അത് പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ കൂട്ടാന്‍ ആദ്യമേ പ്രയോജനം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകുന്നത് തടയാനായി വിദ്യാഭ്യാസരംഗം സിലബസ് ഉള്‍പ്പെടെ അടിമുടി പരിഷ്കരിക്കുന്നതിനുള്ള നയവും തൊട്ടുപിന്നാലെ അവതരിപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ധനമന്ത്രി ഡോ. തോമസ് ഐസക്, മുന്‍ വിദ്യാഭ്യാസമന്ത്രി എംഎ ബേബി എന്നിവര്‍ക്ക് ചുമതല നല്‍കി ഇതിനായുള്ള നയം ദിവസങ്ങള്‍ക്കകം രൂപീകരിക്കാനാണ് സിപിഎമ്മിന്റെ ആലോചനയെന്നും അറിയുന്നു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അടിമുടി പരിഷ്കരിക്കുന്ന ഒരു പുതിയ വിദ്യാഭ്യാസ വിപ്ലവമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. പൂട്ടുന്ന സ്കൂളുകള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കുന്നത് പുതിയ സര്‍ക്കാരിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ്.
Dailyhunt

NO COMMENTS

LEAVE A REPLY