തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ജീപ്പിടിച്ച് നാലു മരണം

642

നെയ്യാറ്റിന്‍കര: ബാലരാമപുരം, അവണാകുഴിക്ക് സമീപം ഹമ്പില്‍ കയറി നിയന്ത്രണംവിട്ട ജീപ്പ് ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിച്ച് നാല് പേര്‍ മരിച്ചു.
കാഞ്ഞിരംകുളം പൂവാര്‍ റോഡില്‍ അവണാകുഴിക്ക് സമീപം ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ജീപ്പ് ഓടിച്ചിരുന്നയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
മണ്ണക്കല്ല് സ്വദേശി യോഹന്നാന്‍ എന്ന രാജേന്ദ്രന്‍ (48), കാഞ്ഞിരംകുളം ചാവടി വെള്ളരിമ്പില്‍ ശശി (45), കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിന് സമീപം ചെല്ലക്കുട്ടി (55) എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാജേന്ദ്രന്റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരുടെത് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്. ഓട്ടോയിലും രണ്ട് ബൈക്കുകളിലും സഞ്ചരിച്ചവരാണ് മരിച്ചതെന്ന് കരുതുന്നു.
ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന സ്ത്രീക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ്. അമിതവേഗതയിലായിരുന്നു ജീപ്പ്. അവണാകുഴി കവലയിലെ റോഡിലെ ഹമ്പിന് സമീപമായിരുന്നു അപകടം.

പൂവാറില്‍ നിന്നും ബാലരാമപുരത്തേക്ക് പോകുകയായിരുന്നു ജീപ്പ്. അവണാകുഴി ജങ്ഷനിലാണ് ആദ്യത്തെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്. തുടര്‍ന്ന് ഓട്ടോയിലും മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ബൈക്കുകളുടെ അവസ്ഥയും വിഭിന്നമല്ല.

mathrubumi online

NO COMMENTS

LEAVE A REPLY