ജിഷ വധക്കേസ് : പിടിയിലായ ആളുടെ ഡിഎൻഎ പരിശോധിക്കുന്നു

590

പെരുമ്പാവൂർ∙ ജിഷ വധക്കേസിൽ ഇടുക്കി വെൺമണിയിൽനിന്നു പിടിയിലായ ആളുടെ ഡിഎൻഎ പരിശോധിക്കുന്നു. ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് ഇയാളുടെ ഡിഎൻഎ അയച്ചു. പരിശോധനാഫലം നാലു ദിവസത്തിനകം അറിയാം. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള ഇയാളെ വ്യാഴാഴ്ചയാണ് പിടികൂടിയത്. ബുധനാഴ്ച രാത്രിയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്.

അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ഇയാൾ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. മാത്രമല്ല, ഇയാളുടെ ശരീരത്തിൽ നഖം കൊണ്ടു മുറിഞ്ഞ പാടുകൾ കണ്ടെത്തിയതും സംശയത്തിനിടയാക്കിയിരുന്നു. എന്നാൽ ഇയാളാണു പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പെരുമ്പാവൂർ സ്വദേശിയായ ഇയാൾ ഒരുമാസമായി കഞ്ഞിക്കുഴിയിലുണ്ടായിരുന്നു. അടിപിടിക്കേസിൽ പ്രദേശവാസികളുടെ മൊഴി ശേഖരിക്കുന്നതിനിടെ യാദൃച്ഛികമായിട്ടായിരുന്നു ഇയാളെ പിടികൂടിയത്.

ജിഷ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിലെ ചിത്രവുമായും കസ്റ്റഡിയിലുള്ള യുവാവിന് സാമ്യമുണ്ട്. യുവാവിന്റെ ശരീരത്തിൽ പരുക്കുകൾ കണ്ടതും സംശയം വർധിപ്പിച്ചു.

NO COMMENTS

LEAVE A REPLY