ജിഷയുടെ കൊലപാതകം : കുപ്രസിദ്ധ ഗുണ്ട വീരപ്പന്‍ സന്തോഷ് കസ്റ്റഡിയില്‍

620

കൊച്ചി: പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട വീരപ്പന്‍ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി സന്തോഷിന് സാമ്യമുള്ളതിനാലാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. സന്തോഷിനെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം നാല് മണിക്കൂറോളം ചോദ്യം ചെയ്തു.
ജിഷയുടെ കൊലപാതകത്തില്‍ വാടകക്കൊലയാളിയുടെ സാന്നിധ്യം പൊലീസ് നേരത്തെ മുതല്‍ സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് വീരപ്പന്‍ സന്തോഷിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതെന്നും ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. സന്തോഷിന്റെ താമസ സ്ഥലത്തു നിന്നും ജിഷയുടെ വീട്ടിലേക്ക് നാല് കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ എന്നതും അന്വേഷണ സംഘത്തെ സംശയത്തിലാഴ്ത്തുന്നു.
ജിഷ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പെരുമ്ബാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനുമായി സന്തോഷിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജിഷ കൊല്ലപ്പെട്ട ദിവസം താന്‍ പറവൂര്‍ കോടതിയിലായിരുന്നുവെന്ന് സന്തോഷ് മൊഴി നല്‍കിയെങ്കിലും അന്വേഷണ സംഘം ഇതില്‍ തൃപ്തരല്ല. ജിഷയുടെ കൊലപാതകിയുമായി വീരപ്പന്‍ സന്തോഷിന് ബന്ധമുണ്ടാകാമെന്നാണ് നിഗമനം. കോണ്‍ഗ്രസുകാരുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന പ്രാദേശിക ഗുണ്ടയാണ് വീരപ്പന്‍ സന്തോഷ്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ചന്ദനമരം കൊള്ളയടിച്ച്‌ കടത്തുന്നതിനിടയില്‍ വണ്ടി തടഞ്ഞ ഡിവൈഎസ്പിയുടെ നേരെ തോക്കുചൂണ്ടി കടന്നു കളഞ്ഞ കേസിലും പ്രതിയാണ് വീരപ്പന്‍ സന്തോഷ്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കേസുകളിലും ഇയാള്‍ പ്രതിയാണ്. കൊലപാതകകേസുമായി ബന്ധപ്പെട്ടു ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപേരെ ചോദ്യം ചെയ്തെന്നും ഇതിന്റെ ഭാഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, താന്‍ സ്ത്രീകളെ ഇതുവരെ ആക്രമിച്ചിട്ടില്ലെന്നാണ് ഇയാളുടെ വിശദീകരണം. ചോദ്യം ചെയ്യലിനുശേഷം ഇയാള്‍ മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങളും ഇയാളില്‍നിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. എറണാകുളം കോതമംഗലം റൂട്ടില്‍ നിരവധി ബസുകള്‍ക്ക് പെര്‍മിറ്റുള്ള പ്രമുഖ ട്രാവല്‍സ് ഗ്രൂപ്പിന്റെ കണ്ടക്ടറെയും ചോദ്യം ചെയ്തു. ജിഷ കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്ബ് സഞ്ചരിച്ച ബസിലെ കണ്ടക്ടറെയാണ് ചോദ്യം ചെയ്തത്. ജിഷയ്ക്കൊപ്പം മറ്റാരെങ്കിലും ബസില്‍ ഉണ്ടായിരുന്നോ എന്നതും ഏതു സ്റ്റോപ്പിലാണ് ഇറങ്ങിയതെന്നുമാണ് അന്വേഷിക്കുന്നത്.

NO COMMENTS