കൊല്ലം∙ കൊല്ലം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനത്തിനുപിന്നിൽ നിരോധിത ഭീകരസംഘടനയായ അല്‍-ഉമ്മ. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ അൽ-ഉമ്മ തലവനാണെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ആന്ധ്രപേദേശിലെ ചിറ്റൂർ കോടതിവളപ്പില്‍ നടന്ന സ്ഫോടനത്തിനുപയോഗിച്ച അതേ സീരീസിലുള്ള ബാറ്ററികളാണ് കൊല്ലം കലക്ടറേറ്റിൽ സ്ഫോടനത്തിനുപയോഗിച്ച ബോംബിലും ഘടിപ്പിച്ചിരുന്നത്. ഈ ബാറ്ററികൾ ആന്ധ്രയിൽനിന്നു വാങ്ങിയതാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
1998 ലുണ്ടായ കോയമ്പത്തൂര്‍ സ്ഫോടനപരമ്പരയെത്തുടര്‍ന്നു നിരോധിക്കപ്പെട്ട അല്‍-ഉമ്മ ഇപ്പോള്‍ ദ ബേസ് മൂവ്മെന്റ് എന്ന പേരിലാണു പ്രവര്‍ത്തിക്കുന്നത്. ഈ വിവരങ്ങള്‍ ആന്ധ്രപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡിനു പ്രത്യേക അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്. 1993 ൽ തമിഴ്നാട്ടിലാണു അൽ-ഉമ്മ സംഘടന രൂപീകൃതമായത്. സയദ് അഹമ്മദ് ബാഷയായിരുന്നു സ്ഥാപകൻ. ദക്ഷിണേന്ത്യ ആസ്ഥാനമാക്കിയാണു സംഘടനയുടെ പ്രവർത്തനം.
കഴിഞ്ഞ മാസം 15-ാം തീയതിയാണു കൊല്ലം കലക്ടറേറ്റിനുള്ളിലെ സിജെഎം കോടതി വളപ്പിൽ സ്ഫോടനമുണ്ടായത്. രാവിലെ കോടതി തുടങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു സ്ഫോടനം. കോടതിവളപ്പിനു സമീപത്തെ മരത്തിനു സമീപത്തായി നിർത്തിയിട്ടിരുന്ന ലേബർ ഡിപ്പാർട്മെന്റിന്റെ ജീപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല.