കുഞ്ഞാലിക്കുട്ടിക്കും അടൂർ പ്രകാശിനുമെതിരെ എഫ്ഐആർ

682

തിരുവനന്തപുരം∙ വടക്കൻ പറവൂർ പുത്തൻവേലിക്കര ഭൂമിയിടപാടിൽ മുൻ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിക്കും അടൂർ പ്രകാശിനുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിജിലൻസ് തിരുവനന്തപുരം യൂണിറ്റാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പുത്തൻവേലിക്കരയിൽ‌ മിച്ചഭൂമിയായ തണ്ണീർത്തടം നികത്തി ആധുനിക ഐടി പാർക്ക് സ്ഥാപിക്കാൻ അനുവാദം നൽകിയതിൽ അഴിമതിയുണ്ടെന്ന ഹർജിയിൽ മുൻമന്ത്രിമാരെ പ്രതികളാക്കി കേസ് റജിസ്റ്റർ ചെയ്യാൻ വിജിലൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം കുറ്റകരമായ ഗൂഢാലോചന, വിശ്വാസ വഞ്ചന, അഴിമതി നിരോധന നിയമ പ്രകാരം ഔദ്യോഗിക പദവിയിലിരുന്നു ക്രമക്കേട് നടത്തുക, പൊതുജന താൽപര്യത്തിന്റെ മറവിൽ അനധികൃത നേട്ടങ്ങൾക്കു വേണ്ടി പദവി ദുരുപയോഗിക്കുക തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുക്കാനായിരുന്നു ഉത്തരവ്. കഴിഞ്ഞ സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് അജൻഡയ്ക്കു പുറത്തുള്ള ഇനമായി പുത്തൻവേലിക്കരയിൽ 112 ഏക്കർ മിച്ചഭൂമി നികത്താനുള്ള അപേക്ഷ അനുവദിച്ചത്. തുടർന്നു റവന്യു വകുപ്പ് ഉത്തരവ് ഇറക്കി. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപെടുത്ത തീരുമാനം വിവാദമാകുകയും അഴിമതിയാരോപണം ഉയരുകയും ചെയ്തതോടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് ഉത്തരവ് പിൻവലിപ്പിച്ചു.

അജൻഡയ്ക്കു പുറത്തുള്ള ഇനങ്ങൾ മന്ത്രിസഭായോഗത്തിൽ വയ്ക്കുന്നതിനു മുൻപ് തന്റെയും ധനമന്ത്രിയുടേയും അനുവാദം വാങ്ങണമെന്ന മുഖ്യമന്ത്രിയുടെ സർക്കുലർ മറികടന്നാണു പുത്തൻവേലിക്കരയിൽ നിലം നികത്താനുള്ള അപേക്ഷ പരിഗണിക്കപ്പെട്ടത്. വിവാദ ഉത്തരവു പിൻവലിച്ചെങ്കിലും ഉത്തരവിനു പിന്നിൽ വലിയ സാമ്പത്തിക അഴിമതിയുണ്ടെന്ന വാദിഭാഗം വാദം അംഗീകരിച്ചാണ് ഇപ്പോൾ എംഎൽഎമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയെയും അടൂർ പ്രകാശിനെയും പ്രതികളാക്കി കേസ് റജിസ്റ്റർ ചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ജ‍‌ഡ്ജി പി.മാധവൻ ഉത്തരവിട്ടിരുന്നത്.

കടപ്പാട് : മനോരമ

NO COMMENTS