അഫ്ഗാനിലെ താലിബാന്‍ താവളങ്ങള്‍ ആക്രമിക്കൂവെന്ന് യുഎസിനോട് പാക്ക് സേനാ മേധാവി

688

ഇസ്‍ലാമാബാദ് • അഫ്ഗാനിസ്ഥാനിലുള്ള പാക്ക് താലിബാന്റെ (തെഹ്‍രികെ താലിബാന്‍ പാക്കിസ്ഥാന്‍) ഒളിസങ്കേതങ്ങളില്‍ ബോംബാക്രമണം നടത്താനാവുമോ എന്ന് യുഎസിനോട് പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. പാക്ക് താലിബാന്‍ മേധാവി മുല്ല ഫസ്‍ലുള്ളയെ വധിക്കാനും ഷെരീഫ് ആവശ്യപ്പെട്ടു. അഫ്ഗാന്റെയും പാക്കിസ്ഥാന്റെയും ചുമതലയുള്ള യുഎസ് പ്രതിനിധി റിച്ചാര്‍ഡ് ഒാള്‍സണ്‍, അഫ്ഗാനിലെ യുഎസ് ദൗത്യത്തിന്റെ ചുമതല വഹിക്കുന്ന ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍ എന്നിവരുമായി നടത്തിയ ഉന്നതല ചര്‍ച്ചയിലാണ് പാക്ക് സൈനിക മേധാവി ഇക്കാര്യം ഉന്നയിച്ചത്.
ബലൂചിസ്ഥാനില്‍ ആളില്ലാവിമാനം (ഡ്രോണ്‍) ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തില്‍ അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല മന്‍സൂറിനെ യുഎസ് കൊലപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ യുഎസും പാക്കിസ്ഥാനും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു. പാക്കിസ്ഥാന്റെ അതിര്‍ത്തി ലംഘിച്ചായിരുന്നു ആക്രമണം എന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ഈ സംഭവത്തിന് ശേഷം നടന്ന ആദ്യ ഉന്നതതല യോഗത്തിലാണ് പാക്ക് താലിബാനെതിരെ ശക്തമായ നടപടി വേണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത്.
ഡ്രോണ്‍ ആക്രമണത്തിലുള്ള പ്രതിഷേധം ജനറല്‍ റഹീല്‍ ഷെരീഫ് യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഈ നടപടി പാക്കിസ്ഥാന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും ബാധിക്കുമെന്നും ജനറല്‍ സൂചിപ്പിച്ചു. മേഖലയില്‍ സമാധാനത്തിനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും പാക്കിസ്ഥാന്‍ സൈനിക മേധാവി അറിയിച്ചു.