അധ്യാപകരില്ല, വിദ്യാര്‍ഥികള്‍ അധ്യാപകരായി

708

കോഴിക്കോട്: പഠിപ്പിക്കാന്‍ അധ്യാപകരില്ലാതെ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ സര്‍ക്കാര്‍ സ്‌കൂള്‍. ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാല്‍ പത്താംക്ലാസ് അടക്കമുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കാനായി ആരുമില്ലാത്ത അവസ്ഥയിലായി. പഠിപ്പിക്കാന്‍ ഹെഡ്മാസ്റ്റര്‍ അടക്കം ഏഴ് പേര്‍. ഇതില്‍ നാല് പേരും താല്‍ക്കാലികം. അധ്യാപകര്‍ എപ്പോള്‍ വേണമെങ്കിലും പിരിയാം ഇതാണ് കാവിലും പാറ സ്‌കൂളിന്റെ അവസ്ഥ.
അധ്യാപകരില്ലാത്ത പ്രശ്‌നം പരിഹരിക്കുന്നതിനായി വിദ്യാര്‍ഥികള്‍ തന്നെയാണ് ഇവിടെ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കുന്നത്. ട്യൂഷന് പോയി പഠിക്കുന്ന കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ മറ്റുള്ളവര്‍ക്ക് ക്ലാസിലെത്തി പറഞ്ഞുകൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ക്ലാസ് ടീച്ചര്‍പോലുമില്ലാത്ത അവസ്ഥയിലാണ് കാവിലുംപാറ സ്‌കൂള്‍.
മാതൃഭൂമി ന്യൂസാണ് വിഷയം പുറത്ത് കൊണ്ടുവന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം അധ്യാപകരില്ലാത്തതിനെതിരെ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ കാവിലുംപാറ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കളക്ടറേറ്റില്‍ നിരാഹാര സമരം നടത്തിയിരുന്നു. സമരത്തേ തുടര്‍ന്ന് താല്‍ക്കാലികമായി സ്‌കൂളില്‍ അധ്യാപകരെ നിയമിച്ചിരുന്നു. ഇവര്‍ക്ക് ആറുമാസവുമായി ശമ്പളവും ലഭിക്കുന്നില്ല. സ്‌കൂളിന് ആവശ്യമായ കെട്ടിടവുമില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് യു.പി.സ്‌കൂള്‍ കെട്ടിടത്തിലാണ്.
മാതൃഭൂമി വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ഇടപെടുകയും അധ്യാപകരില്ലാത്ത പ്രശ്‌നം പരിഹരിക്കാന്‍ നടപടി എടുക്കുമെന്നുമറിയിച്ചു. അധ്യാപക പുനര്‍ വിന്യാസം ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
mathrubhumi