സർക്കാർ ഓഫീസുകളിൽ ജോലി ക്രമീകരണം ഏർപ്പെടുത്തും – കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർ കുടുംബത്തിനൊപ്പം താമസിക്കരുത്

59

തിരുവനന്തപുരം : ജനങ്ങൾക്ക് ഏറെ ആവശ്യമുള്ളതാണ് സർക്കാർ ഓഫീസുകളെന്നും അവയുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥ യുണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ ജോലി ക്രമീകരണം ഏർ പ്പെടുത്തും. ഓഫീസ് മീറ്റിംഗുകൾ ഓൺലൈനിൽ നടത്തണം. ഓഫീസുകളുടെ സുരക്ഷാ ക്രമീകരണം പാളിയതിന്റെ ഫലം പലയിടത്തും കാണുന്നു.

ഓഫീസുകളിലെ നിയന്ത്രണം കർശനമായി തുടർന്നേ മതിയാകൂ. ഓഫീസുകളുടെ പ്രവർത്തനം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചീഫ് സെക്രട്ടറി നിരീക്ഷിക്കും.കോവിഡ് ഡ്യൂട്ടിക്ക് അതാതു ജില്ലകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിക്കണം. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർ കുടുംബത്തോടൊപ്പം താമസിക്കരുത്.

രോഗവ്യാപനം ഉണ്ടായാൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം വിനിയോഗിക്കാൻ വിപുലമായ പദ്ധതി തയ്യാറാക്കും. സംസ്ഥാന ആരോഗ്യ സർവീസിലെ 45 വയസിൽ താഴെയുള്ള ജീവനക്കാരെ പ്രത്യേകം നിയോഗിച്ച് പരിശീലനം നൽകും. വിവിധ ആരോഗ്യ കോഴ്‌സുകൾക്ക് പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികളെയും ഉപയോഗിക്കും.

തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകർ, ജോലിയിൽ നിന്ന് വിരമിച്ചവർ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. ഇവരെ ആവശ്യമുള്ള ജില്ലകളിൽ നിയോഗിക്കും. എൻ. സി. സി, എസ്. പി. സി, എൻ. എസ്. എസ്, സന്നദ്ധപ്രവർത്തകർ എന്നിവരെയും പരിശീലനത്തിൽ ഉൾപ്പെടുത്തും. താത്പര്യമുള്ള യുവാക്കൾ, സന്നദ്ധസേനയിലെ വോളണ്ടിയർമാർ എന്നിവർക്കും പരിശീലന സൗകര്യം ഒരുക്കും.

സർക്കാർ ഓഫീസുകളിൽ ദൂരസ്ഥലങ്ങളിൽ നിന്ന് ജോലിക്കെത്തുന്നവർ കൂട്ടായി വാഹനം ഏർപ്പാടു ചെയ്ത് വരുന്നുണ്ട്. ഇത്തരം യാത്രകൾ തടയാനോ വിഷമം ഉണ്ടാക്കാനോ പോലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ ചരക്ക് വാഹനങ്ങളെത്തുന്ന മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് ബാധ രൂക്ഷമാണ്. എന്നാൽ ചരക്ക് ഗതാഗതത്തെ ഇത് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.

ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്താൽ ആ വ്യക്തി താമസിച്ചിരുന്ന വീടും അതിന്റെ പരിസരത്തുള്ള വീടുകളും ഉൾപ്പെടുത്തി മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കും. നേരത്തെ ആ വാർഡ് മുഴുവൻ കണ്ടെയ്ൻമെന്റ് സോൺ ആക്കിയിരുന്നു. ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ ജില്ലകളിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പിമാരെയും അസി. കമ്മീഷണർമാരെയും ചുമതലപ്പെടുത്തി.

ചെറിയ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിൽ കുടുംബത്തിലെ സാഹചര്യവും മരണ കാരണവും കണ്ടെത്തുന്നതിന് ബഹുതല പഠനം നടത്തും.

NO COMMENTS