വനിതാ ലോകകപ്പ് : ഇന്ത്യ സെമിയില്‍

213

ലണ്ടന്‍: നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 186 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യ ഉയര്‍ത്തിയ 266 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കിവീസ് 25.3 ഓവറില്‍ 79 റണ്‍സിന് ആള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദാണ് കിവീസ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അന്‍പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി.
ഇന്ത്യന്‍ നായിക മിഥാലി രാജിന്റെ സെഞ്ച്വറി പ്രകടനവും വേദ കൃഷ്ണമൂര്‍ത്തിയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.123 പന്തില്‍ 11 ബൗണ്ടറികള്‍ സഹിതം മിഥാലി 109 റണ്‍സെടുത്തു. 45 പന്തുകള്‍ നേരിട്ട വേദ ഏഴ് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടെ 70 റണ്‍സ് നേടി. 90 പന്തില്‍ 60 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറിന്റെ ബാറ്റിംഗ് പ്രകടനവും നിര്‍ണായകമായി. ന്യൂസിലാന്‍ഡിനായി ലിഗ് കാസ്പെറെക് മൂന്ന് വിക്കറ്റുകളും ഹന്ന റോവ രണ്ട് വിക്കറ്റും വീഴ്ത്തി.