സ്ത്രീ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത് നിന്ന് രാജ്യത്ത് ഒന്നാമതെത്തുക ലക്ഷ്യം: മുഖ്യമന്ത്രി

0
110

തിരുവനന്തപുരം : സ്ത്രീ സുരക്ഷയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മിക്ക സാമൂഹ്യ സൂചികകളിലും കേരളം ഒന്നാമതാണ്. ഇത് അഭിമാനം പകരുന്ന നേട്ടമാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് അനുസരിച്ച് സ്ത്രീ സുരക്ഷയിൽ ഇപ്പോൾ സംസ്ഥാനം രാജ്യത്ത് രണ്ടാമതാണ്. ഒന്നാം സ്ഥാനത്തെത്തുകയെന്നത് അടിയന്തര കടമയായി ഏറ്റെടുക്കും. സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലും സ്ത്രീ സുരക്ഷയിലും സമൂഹത്തിന് വലിയ പങ്കുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് 600 കേന്ദ്രങ്ങളിൽ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇതിന് വലിയ പങ്കാളിത്തമുണ്ടായി. കേരളം ധാരാളം വിനോദ സഞ്ചാരികൾ വരുന്നയിടമാണ്. ചില പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷിത നൈറ്റ് ലൈഫ് ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പ്രധാന നഗരങ്ങളിലാണ് ഇതൊരുക്കുക.

രാത്രിയിൽ കുടുംബസമേതം ഇവിടങ്ങളിൽ വന്ന് ഭക്ഷണം കഴിക്കാനും കലാപരിപാടികൾ ആസ്വദിക്കാനും പ്രദർശനങ്ങൾ കാണാനുമെല്ലാം സൗകര്യമുണ്ടാവും. ഇവയെല്ലാം വലിയ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന കേന്ദ്രങ്ങളായിരിക്കും. രാത്രിയിൽ സജീവമാവുന്ന കേന്ദ്രങ്ങൾ പകൽ സാധാരണയിടങ്ങളായിരിക്കും.
സ്ത്രീകളെ പൂജിക്കുന്നിടത്ത് ദേവത കളിയാടുന്നു എന്ന സൂക്തം പറയുമ്പോൾ തന്നെ സ്്ത്രീകളെ നിന്ദിക്കാനും ചവിട്ടിത്തേക്കാനും ശ്രമമുണ്ടാവുന്നു. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രങ്ങളുടെ പിന്തുടർച്ചാ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേരളത്തിലെ സ്ത്രീ ശാക്തീകരണ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു വനിതാ മതിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ ഉന്നമനത്തിന് പ്രത്യേക പ്രാധാന്യം സർക്കാർ നൽകുന്നു. സ്ത്രീകൾക്ക് താമസിക്കുന്നതിന് കൂട് എന്ന സംവിധാനവും തിരുവനന്തപുരത്ത് വൺ ഡേഹോം സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇവ കേരളത്തിൽ വ്യാപിപ്പിക്കും. കൊച്ചു കുട്ടികൾക്ക് നേരേയുള്ള അതിക്രമങ്ങൾ തടയുന്നതിന് ശക്തമായ നടപടി സ്വീരിച്ചിട്ടുണ്ട്. ഇതിനായി സ്‌കൂളുകളിൽ കൗൺസലിംഗ് സൗകര്യമൊരുക്കും. അധ്യാപകരോടു കുട്ടികൾക്ക് ദുരനുഭവങ്ങൾ തുറന്നു പറയാൻ കഴിയുന്ന അവസ്ഥയുണ്ടാവും. അധ്യാപകർ മെന്റർമാരായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വനിതാശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മനുഷ്യത്വ വിരുദ്ധ ആചാരങ്ങൾ നാം തള്ളിക്കളയണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിത ശിശുവികസന മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. അന്ധവിശ്വാസങ്ങൾ ഇന്നും പിന്തുടരുന്ന സ്ഥിതിയാണ്. സ്ത്രീകൾ ശാസ്ത്രബോധമുള്ളവരായി മാറണം. സ്ത്രീ അപമാനിക്കപ്പെടുമ്പോൾ ഒരു കുടുംബമാകെ അപമാനിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു.

വി. കെ. പ്രശാന്ത് എം. എൽ. എ, സമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി. വി. അനുപമ, സംസ്ഥാന ജെൻഡർ അഡൈ്വസർ ഡോ. ടി. കെ. ആനന്ദി, യുവജനക്ഷേമ കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ സംബന്ധിച്ചു.