വനിതാ കമ്മീഷൻ അദാലത്ത് – 23 പരാതികൾക്ക് പരിഹാരം

199

കാക്കനാട്: വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ 23 പരാതികൾക്ക് പരിഹാരം. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചെയർപേഴ്സൺ എം.സി.ജോസഫൈന്റെ അധ്യക്ഷതയിൽ നടന്ന അദാലത്തിലാണ് പരാതികൾ പരിഹരിച്ചത്. അദാലത്തിൽ ആകെ 95 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 9 എണ്ണം വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി മാറ്റി. 63 പരാതികൾ ആഗസ്റ്റ് 3 ന് നടക്കുന്ന അടുത്ത അദാലത്തിൽ പരിഗണിക്കും.

മക്കളുടെ സംരക്ഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ നൽകി യ അഞ്ച് പരാതികളും മകൻ കടം വാങ്ങിയ എട്ട് ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള മാതാവിന്റെ പരാതിയും അദാലത്തിലെത്തി. ഈ പരാതിയിൽ നേരത്തെ ജില്ലാ കളക്ടറും വനിതാ കമ്മീഷനും മാതാവിനനുകൂലമായി ഉത്തരവുകൾ നൽകിയിരുന്നു. ഇത് നടപ്പാക്കാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

തന്റെ സ്ഥാപനത്തിന്റെ ബോർഡ് മറച്ച് മറ്റൊരു ബോർഡ് സ്ഥാപിച്ചെന്ന് കാണിച്ച് വീട്ടമ്മ നൽകിയ പരാതിയിൽ അവർക്കനുകൂലമായി കമ്മീഷൻ നൽകിയ നിർദ്ദേശം നടപ്പാക്കാത്ത പെരുമ്പാവൂർ നഗരസഭാ സെക്രട്ടറിയെ കമ്മീഷൻ വിമർശിച്ചു.

സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കാനും കമ്മീഷൻ തീരുമാനിച്ചു. കമ്മീഷനംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ് എന്നിവരും അദാലത്തിൽ പങ്കെടുത്തു.

NO COMMENTS