അന്തര്‍ സംസ്ഥാന ക്രിമിനല്‍ കേസ് നടപടികള്‍ വേഗത്തിലാക്കാന്‍ 15 ദിവസത്തിനകം സംവിധാനം: ഡിജിപി

123

കാസര്‍കോട് : കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ പരിധിയിലെ ക്രിമിനല്‍ കേസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും ക്രിമിനല്‍ കേസ് പ്രതികളെ പിടികൂടുന്നതിനുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതി 15 ദിവസത്തിനകം ആരംഭിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന അതിര്‍ത്തികള്‍ കടന്നുള്ള കുറ്റകൃത്യങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മൂന്ന് സംസ്ഥാനങ്ങളുടെ ഏകീകൃത സംവിധാനം സഹായകരമാവുമെന്നും വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നവരെ വലയിലാക്കാന്‍ ആവശ്യമാണെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നുംഅദ്ദേഹം പറഞ്ഞു.

ഏകീകൃത നിരീക്ഷണ സംവിധാനം നടപ്പാക്കും

സെന്‍ട്രലൈസ്ഡ് ഇന്‍ഡിവിജ്വല്‍ മോണിറ്ററിങ് സിസ്റ്റം (സി ഐ എം എസ്) സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഡിജിറ്റല്‍ സിസിടിവി കളിലെ ദൃശ്യങ്ങള്‍ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്ന സംവിധാനം തിരുവനന്തപുരത്ത് ആരംഭിക്കും. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ഈ സംവിധാനം ഉപകരിക്കുമെന്ന് ഡി ജി പി പറഞ്ഞു.

ജില്ലയിലെ പോലീസ് അംഗബലം വര്‍ധിപ്പിക്കുന്നത് പരിഗണിക്കും

കാസര്‍കോട് ജില്ലയിലെ പോലീസ് സേനാംഗങളുടെ എണ്ണം കൂട്ടണം, ജില്ലയില്‍ സബ് ഡിവിഷന്‍ മൂന്നാക്കണം എന്നീ ആവശ്യങ്ങള്‍ വളരെ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ഡി ജി പി പറഞ്ഞു. 2020, 2025, 2030 വരെ ജില്ലയില്‍ ആവശ്യമായി വരുന്ന പോലീസ് സേനയുടെ രൂപരേഖ തയ്യാറാക്കാന്‍ ഉത്തരമേഖല ഡിഐജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍, കാസര്‍കോട് ജില്ലാ പോലീസ് മേധാവികള്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. ഉപ്പള പോലീസ് സ്റ്റേഷന്‍ അടുത്ത സാമ്പത്തിക വര്‍ഷം യാഥാത്ഥ്യമാക്കും. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് ഭൂമി ലഭ്യമായാല്‍ ഉടന്‍ കെട്ടിടം നിര്‍മിക്കും.
ഭൂമി ലഭ്യമല്ലാത്തതിനാല്‍ നാല്‍പതോളം പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് വാടകക്കെട്ടിടത്തിലാണ്. ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ക്രിമിനലുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്ന് രക്ഷപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. കാസര്‍കോട്ടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പലതും സംഘടിതമാണ്. കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി ജി പി പറഞ്ഞു. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ രണ്ടുപേരെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. കാസര്‍കോട് ജില്ലയില്‍ പോലീസ് വാഹനങ്ങള്‍ കൂടുതല്‍ അനുവദിക്കുന്നതിന് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അദാലത്തില്‍ 64 പരാതികള്‍ പരിഗണിച്ചു

പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിവില്‍സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തി. അദാലത്തില്‍ 64 പരാതികള്‍ പരിഗണിച്ചു. 81 പരാതികളായിരുന്നു അദാലത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എ എസ് പി, ഡി ശില്‍പ അഡീഷണല്‍ എസ്പി പിബി പ്രശോഭ,് ഡിവൈഎസ്പിമാരായ പി കെ സുധാകരന്‍, പി.ബാലകൃഷ്ണന്‍ നായര്‍, എം. സുനില്‍കുമാര്‍, എം. അസിനാര്‍, ജയ്‌സണ്‍ എബ്രഹാം, എം. പ്രദീപ് കുമാര്‍ എന്നിവരും ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍മാരും അദാലത്തില്‍ സംബന്ധിച്ചു. പരമാവധി പരാതികള്‍ തീര്‍പ്പാക്കി. ചിലത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.

NO COMMENTS