ജലസമൃദ്ധി – കാട്ടാക്കടയില്‍ ഓഗസ്റ്റ് രണ്ടാംവാരം ജല പാര്‍ലമെന്റ്

108

തിരുവനന്തപുരം : കാട്ടാക്കട മണ്ഡലത്തില്‍ നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് രണ്ടാം വാരം ഹരിത പാര്‍ലമെന്റ് സംഘടിപ്പിക്കുന്നു. ഹരിത കേരളം മിഷനും മണ്ണ് സംരക്ഷണ വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ഷെഡ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. ത്രിതല പഞ്ചായത്തുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി.

മണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും കോളേജുകളില്‍നിന്നു ഇതിനായി തെരഞ്ഞെടുത്ത വിദ്യാര്‍ഥികളും ജല പാര്‍ലമെന്റില്‍ പങ്കെടുക്കുമെന്ന് പദ്ധതിക്കു നേതൃത്വം നല്‍കുന്ന ഐ.ബി. സതീഷ് എം.എല്‍.എ. പറഞ്ഞു. ഇവര്‍ക്കു പുറമേ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍നിന്നുള്ള 100 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും 100 കോളേജ് വിദ്യാര്‍ഥികള്‍ക്കും ജല പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്.

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജല സാക്ഷരത, ജല ബജറ്റിങ് തുടങ്ങിയ ജനകീയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോയും സ്‌കൂള്‍, കോളജ് ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പോ പ്രിന്‍സിപ്പലിന്റെ സമ്മത പത്രമോ സഹിതം ഷമഹമമൊൃറവശ.രീാ/ഷമഹമുമൃഹശമാലിേ എന്ന വെബ്‌സൈറ്റില്‍ ജൂലൈ 31 ന് മുന്‍പായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ ജല പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ കഴിയൂ.

പരിപാടിയുടെ ഭാഗമായി ചിത്ര രചന, ക്വിസ്, ഉപന്യാസ മത്സരങ്ങളും സംഘടിപ്പിക്കും. ജലസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എക്‌സിബിഷനും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ 8301012237, 9995954993 എന്നീ നമ്പറുകളില്‍ ലഭിക്കും.

NO COMMENTS