നാളത്തെ വരള്‍ച്ചയെ നേരിടാന്‍ കാസറഗോഡ് ജില്ലയിൽ ജല സംരക്ഷണം

33

കാസര്‍ഗോഡ് : ജല സംരംക്ഷണത്തിന് പുത്തന്‍ മാതൃക തീര്‍ക്കാന്‍ ഒരുങ്ങി കാസര്‍കോട്. ഭൂഗര്‍ഭ ജല ലഭ്യത കുറഞ്ഞ സാഹചര്യ ത്തില്‍ നാളത്തെ വരള്‍ച്ചയെ നേരിടാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ്  ഒരുങ്ങുന്നത്. ഏറ്റവും ചിലവ് കുറഞ്ഞ, കൂടുതല്‍ ഫലപ്രദ മായ കിണര്‍ റിങ് ഉപയോഗിച്ചുള്ള അര്‍ധസ്ഥിര തടയണകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ജില്ലയില്‍ ആരംഭിച്ചു.

ജില്ലയിലെ 12 നദികളിലേക്കൂള്ള 650 ഓളം നീര്‍ച്ചാലുകളിലായി  900 അര്‍ധസ്ഥിര തടയണകള്‍ നിര്‍മ്മിക്കും. കാസര്‍കോട് ഡവലപ്‌മെന്റ് പാക്കേജ്, തൊഴിലുറപ്പ് പദ്ധതി,  ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത സഹകരണത്തോടെ യാണ് പദ്ധതി നടപ്പാക്കുന്നത്. തടയണകള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം കണ്ടത്തേണ്ട ഉത്തരവാദിത്വം ജനപ്രതിനിധികള്‍ക്കാണ്.

ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് 20 കിണര്‍ റിങ് ഉപയോഗിച്ചുള്ള അര്‍ധസ്ഥിര തടയണകള്‍ 45 ദിവസത്തിനുള്ളില്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ കെ പ്രദീപന്‍ പറഞ്ഞു.

കിണര്‍ റിങ്  തടയണകള്‍

അര്‍ധസ്ഥിര തടയണകളില്‍ ഏറ്റവും ഫലപ്രദ മായി ചിലവ് കുറഞ്ഞ രീതിയാണ് കിണര്‍ റിങ്് ഉപയോഗിച്ചുള്ള തടയണകള്‍ നിര്‍മ്മിക്കുന്നത്. നീര്‍ച്ചാലുകള്‍ക്ക് കുറുകെ കിണര്‍ റിങ് കോണ്‍ക്രീറ്റ് ചെയ്തു ഉറപ്പിച്ച്, വെള്ളം പൂര്‍ണ്ണമായും ആ റിങിനുള്ളില്‍ കൂടി ഒഴുകുന്ന രീതിയിലാണ് തടയണകളുടെ നിര്‍മ്മാണം.  ഒരു ലോഹ തകിട് റിങിനു കുറുകെ സ്ഥാപിക്കുമ്പോള്‍  ഒഴുക്ക് തടഞ്ഞ് വെള്ളം കെട്ടിനിര്‍ത്താനാകും.

മഴക്കാലങ്ങളില്‍ നീര്‍ച്ചാലുകളില്‍ വെള്ളം കൂടുമ്പോള്‍ ഈ ലോഹ പാളി ആര്‍ക്കും എടുത്ത് മാറ്റി കരയിലേക്ക് വെള്ളം കയറുന്നത് തടയാനാകുന്നുതും  ഇത്തരം തടയണകള്‍ നിര്‍മ്മിക്കുമ്പോള്‍ അനുബന്ധമായി  കാല്‍നടയ്ക്കും ചെറുവാഹനങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന സുരക്ഷിതമായ പാലും ഉണ്ടാകുന്നതും റിങ് തടയണകളുടെ പ്രത്യേകതയാണ്.ജില്ലയില്‍ നീര്‍ച്ചാലുകള്‍ കുറുകെയുള്ള എല്ലാ മരത്തടികള്‍ ഉപയോഗിച്ചുള്ള നടപ്പാതകള്‍ മാറ്റാന്‍ ഇത്തരം ചെക്കുഡാമുകള്‍ക്ക് കഴിയുമെന്ന് കെഡിപി സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി  രാജ്‌മോഹന്‍ പറഞ്ഞു.

പ്രചോദനം തടയണ ഉത്സവം

ജില്ലയില്‍ രൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ 2019 ഡിസംബര്‍ 29 മുതല്‍ ഒരാഴ്ച തടയണ നിര്‍മ്മാണത്തിനായി ‘തടയണ ഉത്സവം’നടത്തിയിരുന്നു. നിലവിലെ ജലസംരക്ഷണ നിര്‍മ്മിതികളുടെ പരിപാലനം കൊണ്ടു മാത്രം വരള്‍ച്ചാ നിയന്ത്രണം സാധ്യമല്ലാത്ത സാഹചര്യത്തിലാണ് കാസര്‍കോട് വികസന പാക്കേജില്‍ തടയണ ഉത്സവം നടത്തിയത്. ജില്ലയിലുടനീളം 2800 ലധികം തടയണകള്‍ നിര്‍മ്മിച്ചു. ഇതിന്റെ ഫലമായി ഈ വര്‍ഷം ജില്ലയില്‍ വരള്‍ച്ചയുടെ തോത് കുറയുകയും നീരീക്ഷണ കിണറുകളിലെ ജലവിതാനം ഉയരുകയും ചെയ്തു.

ഈ അനുഭവത്തില്‍ നിന്നാണ് ജലസംരക്ഷണത്തിനായി കൂടുതല്‍ അര്‍ധസ്ഥിര തടയണകള്‍ നിര്‍മ്മിക്കുക എന്ന ആശയത്തില്‍ എത്തിയത്. കട്ട ഉത്സവ എന്ന പേരില്‍ ജില്ലയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ തടയണ നിര്‍മ്മാണം ഉത്സവമായി ഇന്നും ചെയ്തു പോരുന്നുണ്ട്. തടയണ നിര്‍മ്മാണത്തിനായി അതത് പ്രദേശങ്ങളില്‍ ലഭ്യമായ കാട്ടുകല്ല്, മുള, ഓല, മണ്ണ് നിറച്ച ചാക്ക് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് ചെറു തടയണകള്‍ നിര്‍മ്മിച്ച് ജലം സംരക്ഷിച്ചു പോരുന്നു. ഈ രീതിയാണ് തടയണ ഉത്സവത്തില്‍ ജില്ലയില്‍ മുഴുവന്‍ നടപ്പാക്കിയത്.വരും വര്‍ഷങ്ങളിലും തടയണ ഉത്സവങ്ങള്‍ തുടരുമെന്ന് കെഡിപി സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി  രാജ്‌മോഹന്‍ പറഞ്ഞു.

മുമ്പേ നടന്ന് കിനാനൂര്‍ കരിന്തളം, കയ്യൂര്‍ ചീമേനി പഞ്ചായത്തുകള്‍

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലൂം കയ്യൂര്‍ ചീമേനി പഞ്ചായത്തിലും ആദ്യഘട്ടമെന്ന നിലയില്‍ ഓരോ കിണര്‍ റിംഗ് ഉപയോഗിച്ചുള്ള ഓരോ  അര്‍ധസ്ഥിര തടയണകള്‍ നിര്‍മ്മിച്ചിരുന്നു. കെഡിപിയും സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പും ചേര്‍ന്നാണ് തടയണകള്‍  നിര്‍മ്മിച്ചത്. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍  ബിരിക്കുളം പാടശേഖരത്തില്‍ മാനൂരിച്ചാലിനോട് അനുബന്ധിച്ചിള്ള തോടിന് കുറുകെയാണ് കിണര്‍ റിങ് അര്‍ധ സ്ഥിര തടയണ  നിര്‍മ്മിച്ചത്.72000 രൂപ ചിലവില്‍ നിര്‍മ്മിച്ച തടയണ മൂന്ന്  ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ചു.

ജലസംരംക്ഷത്തോടൊപ്പം തോടിന് അക്കരെയുള്ള ബിരിക്കുളം എ യു പി സ്‌കൂളിലേക്കും അങ്കണവാടിയിലേക്കും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി എത്താനാകുമെന്ന് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല പറഞ്ഞു. കയ്യൂര്‍ ചീമേനിയി പഞ്ചായത്തിലെ  പനക്ക പുഴയോട്  അനുബന്ധിച്ചുള്ള തോട്ടിലാണ് തടണ നിര്‍മ്മിച്ചിരിക്കുന്നത്. വലിയ തോടായതിനാല്‍ ഇവിടെ രണ്ട് റിങൂകള്‍ ഉപയോഗിച്ചാണ് സോയില്‍ കണ്‍സര്‍വേഷന്‍ തടയണ നിര്‍മ്മിച്ചത്. തടയണയ്ക്ക് മുകളിലൂടെ സുരക്ഷിതമായ നടപ്പാതയും ഒരുക്കിയിട്ടുണ്ട്

NO COMMENTS