മാലിന്യസംസ്‌കരണം – വിമുക്തഭടന്‍മാരുടെ യോഗം ചേര്‍ന്നു

96

കോഴിക്കോട് : ജീവന്‍ പണയം വെച്ച് രാജ്യത്തിനെ കാത്തുസംരക്ഷിച്ച ജവാന്‍മാര്‍ക്ക് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സംസ്ഥാന ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച, മാലിന്യ സംസ്‌ക്കരണത്തില്‍ താല്‍പര്യമുള്ള എക്സ് സര്‍വ്വീസ്മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്‌കരണത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും മാലിന്യം അനുദിനം കുന്നുകൂടികൊണ്ടിരിക്കുകയാണ്. ഈ അവസ്ഥക്ക് മാറ്റം വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേവലം മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതിനുപരി മാലിന്യം ശേഖരിച്ച് ഇവയില്‍ നിന്നും ഉപകാരപ്രദമായ വസ്തുക്കള്‍ നിര്‍മ്മിച്ച് മാലിന്യം സമ്പത്താക്കി മാറ്റുക എന്ന ലക്ഷ്യവുമായാണ് ഇടുക്കി മോഡല്‍ പദ്ധതിയുടെ ചുവടു പിടിച്ച്, ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനോടൊപ്പം മാലിന്യത്തില്‍ നിന്നും ചുമര്‍ഭിത്തികള്‍ നിര്‍മ്മിക്കുന്നതിനുള്ള കട്ടകള്‍, ഓടുകള്‍, ടൈല്‍സ് തുടങ്ങിയവ നിര്‍മ്മിക്കും. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടുക്കിയിലെ വിമുക്തഭടന്‍മാരായ ഏതാനും ചിലരുടെ മനസില്‍ നിന്നും ഉരുത്തെരിഞ്ഞ ‘പ്രകൃതിയെ സംരക്ഷിക്കുക രാഷ്ട്രത്തിനെ സംരക്ഷിക്കുക” എന്ന ആശയത്തില്‍ നിന്നാണ് എക്സ് സര്‍വ്വീസ്മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചത്.

ഏത് തരത്തിലുള്ള മാലിന്യവും ശേഖരിക്കുമെന്നതാണ് ഇവരുടെ പ്രത്യേകത. മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കിയുള്ള യൂണിറ്റുകള്‍ സ്ഥാപിച്ച് നാടിനെ വൃത്തിയും വെടിപ്പുമുള്ളതാക്കി നിലനിര്‍ത്തുന്നതിന് പദ്ധതിയിലൂടെ സാധ്യമാകും. പദ്ധതിയുടെ ആദ്യപടിയെന്ന നിലക്ക് ജൈവമാലിന്യം, അജൈവ മാലിന്യം എന്നിങ്ങനെ വേര്‍തിരിച്ച്, സംസ്‌കരണത്തിനായി ജില്ലാ തലത്തില്‍ മാലിന്യസംസ്‌കരണ യൂണിറ്റ് ആരംഭിക്കും. പലയിടങ്ങളില്‍ നിന്നും ലഭിക്കുന്ന മാലിന്യങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന നാലോ അഞ്ചോ പേരടങ്ങുന്ന ടീമിന്റെ നേതൃത്വത്തില്‍ വേണ്ട രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യും.

ശുചിത്വമിഷനില്‍ നിന്നും, നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും. ഇടുക്കി ജില്ലയില്‍ മാലിന്യ സംസ്‌കരണ മേഖലയില്‍ ട്രസ്റ്റ് ചെയ്യുന്ന മാതൃകാപരമായ പ്രവൃത്തികള്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ഡയറക്ടര്‍ പി ഡി ഫിലിപ്പ്, പ്രോജക്ട് ഡയറക്ടര്‍ സിജു തോമസ്, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം സൂര്യ, കോഴിക്കോട് സൈനികക്ഷേമ ഓഫീസര്‍ ജോഷി ജോസഫ്, മലപ്പുറം സൈനികക്ഷേമ ഓഫീസര്‍ ടോമി സെബാസ്റ്റിയന്‍, കണ്ണൂര്‍ സൈനികക്ഷേമ ഓഫീസര്‍ എം രവീന്ദ്രന്‍, കാസര്‍ഗോഡ് സൈനികക്ഷേമ ഓഫീസര്‍ ടി കെ രാജന്‍, വയനാട് സൈനികക്ഷേമ ഓഫീസര്‍ എസ് സുജിത, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള വിമുക്തഭടപ്രതിനിധികള്‍, കേരള സ്‌ക്രാബ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്സ് സര്‍വ്വീസ്മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗീസ് തോമസ് പദ്ധതി വിശദീകരണം നടത്തി.

NO COMMENTS