ഉരുള്‍പൊട്ടല്‍ ദുരന്തം: പോസ്റ്റ് മോര്‍ട്ടത്തിന് പള്ളി വിട്ട് നല്‍കിയ കമ്മറ്റിക്ക് വഖ്ഫ് ബോര്‍ഡ് ആദരം

110

മലപ്പുറം : നിലമ്പൂര്‍ കവളപ്പാറയില്‍ നടന്ന ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരെ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് പോത്തുകല്ലില്‍ മുജാഹിദ് പള്ളിയില്‍ സൗകര്യമൊരുക്കി മാതൃക കാണിച്ച പള്ളി കമ്മറ്റിയെ വഖ്ഫ് ബോര്‍ഡ് ആദരിച്ചു. മസ്ജിദിന്റെ ഒരു ഭാഗം തന്നെ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ ജാതിമത ഭേദമന്യേ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് സൗകര്യമൊരുക്കിയാണ് മസ്ജിദുല്‍ മുജാഹിദീന്‍ പള്ളി കമ്മറ്റി ഭാരവാഹികള്‍ മാതൃക കാട്ടിയത്.

പള്ളി കമ്മറ്റി സ്വീകരിച്ച മാനുഷിക പരിഗണനയിലുള്ള സന്ദര്‍ഭോജിതമായ ഈ തീരുമാനം പ്രത്യേക പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് നാടിന്റെ യശസ്സുയര്‍ത്തിയ നടപടി സ്വീകരിച്ച പള്ളി കമ്മറ്റിയെ ആദരിച്ചത്. പള്ളിക്ക് വഖ്ഫ് ബോര്‍ഡിന്റെ പ്രത്യേക പാരിതോഷികമായി ഒരു ലക്ഷം രൂപയുടെ ചെക്ക് കമ്മറ്റി അധികൃതര്‍ക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ കൈമാറി.

പോത്തുകല്ല് ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വഖ്ഫ് ബോര്‍ഡ് അംഗം ടി.പി അബ്ദുള്ളക്കോയ മദനി അധ്യക്ഷത വഹിച്ചു. പരിപാടി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. പി വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായിരുന്നു.

ഡോ. ധര്‍മാനന്ദ സ്വാമികള്‍ , ഫാദര്‍ മാത്യൂസ് വട്ടിയാനിക്കല്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്‍ പിള്ള, വഖഫ് ബോര്‍ഡ് അംഗങ്ങളായ എം.സി മായിന്‍ ഹാജി, അഡ്വ.പിവി സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്‍, വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം ജമാല്‍,! മഹല്ല് കമ്മറ്റി ഭാരവാഹികള്‍, വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.

NO COMMENTS