വ്യാപാര്‍ 2017: ഹൈദരാബാദില്‍ വ്യവസായ വകുപ്പിന്‍റെ പ്രചരണയോഗം

266

തിരുവനന്തപുരം: ആന്ധ്രാ, തെലങ്കാന മേഖലയിലെ ബയര്‍മാരെ ലക്ഷ്യമിട്ട് കേരള സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് വ്യാപാര്‍ 2017-നായി പ്രചരണ പരിപാടി സംഘടിപ്പിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി(ഫിക്കി) സഹകരിച്ച് ഹൈദരാബാദിലെ ഹോട്ടല്‍ താജ് ഡെക്കാണില്‍വച്ചാണ് പ്രചരണ പരിപാടി നടന്നത്. ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി (എസ്എംഇ) ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ കൊച്ചിയില്‍ നടക്കുന്ന മൂന്നു ദിവസത്തെ ബി2ബി മീറ്റാണ് വ്യാപാര്‍ 2017.

വ്യവസായ വാണിജ്യ ഡയറക്ടര്‍ ശ്രീ പി.എം. ഫ്രാന്‍സിസ് അധ്യക്ഷനായ ചടങ്ങിന് കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്) സിഇഒ ശ്രീ വി.രാജഗോപാല്‍, ഫിക്കി തെലങ്കാന സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ ദേവേന്ദ്ര സുരാന എന്നിവരും നേതൃത്വം നല്‍കി.

വ്യാപാര്‍ 2017-ല്‍ കേരളത്തിലെ എസ്എംഇ ഉത്പാദനരംഗത്തിന്റെ ശക്തി വ്യക്തമാക്കുന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. ഭക്ഷ്യസംസ്‌കരണം, കൈത്തറി വസ്ത്രങ്ങളും തുണിത്തരങ്ങളും, റബര്‍, കയര്‍ ഉത്പ്പന്നങ്ങള്‍, ആയൂര്‍വേദവും പച്ചിലമരുന്നുകളും, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ്, പരമ്പരാഗത വിഭാഗങ്ങളായ കരകൗശലം, മുള തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വ്യാപാര്‍ മേളയില്‍ഈ വ്യവസായങ്ങളിലെ ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതുവഴി കേരളത്തില്‍നിന്നുള്ള വില്‍പ്പനക്കാരുമായും നിര്‍മാതാക്കളുമായും നേരിട്ട് ഇടപെടാനും സംവദിക്കാനും ബയര്‍മാര്‍ക്ക് അവസരം ലഭിക്കും.

രാജ്യത്തെ പരമ്പരാഗത നാവികപാതയുടെ പശ്ചാത്തലത്തില്‍ കേരളം ഇന്ത്യയുടെ കവാടമാണെന്ന് പറയാമെന്ന് പുരാതന ഗ്രീക്ക്, റോമന്‍, ജൂത, അറബി, ചൈനീസ്, പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് ജനതകളുമായി സംസ്ഥാനത്തിന് പ്രാചീനകാലം മുതലുണ്ടായിരുന്ന നാവികബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി അധ്യക്ഷപ്രസംഗത്തില്‍ ശ്രീ. പി.എം. ഫ്രാന്‍സിസ് പറഞ്ഞു. ആന്ധ്രാ, തെലങ്കാന മേഖലകളിലെ ബയര്‍മാരെ ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന വ്യാപാര്‍ 2017ല്‍ പങ്കെടുക്കാന്‍ അദ്ദേഹം ക്ഷണിച്ചു.വിവിധ വ്യവസായവിഭാഗങ്ങളില്‍ കേരളത്തിന്റെ ശക്തിയെക്കുറിച്ചും വ്യാപാര്‍ 2017ന്റെ ഘടനയെപ്പറ്റിയും ഫിക്കിയിലൂടെ ബയര്‍മാരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടികളെക്കുറിച്ചും ശ്രീ വി.രാജഗോപാല്‍ സംസാരിച്ചു. മീറ്റിന്റെ ദിവസങ്ങളില്‍ അംഗീകൃത ബയര്‍മാര്‍ക്ക് കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് താമസസൗകര്യം ഒരുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരളവും ആന്ധ്രാ തെലങ്കാന മേഖലയും തമ്മിലുള്ള ശക്തമായ വാണിജ്യബന്ധങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ ദേവേന്ദ്ര സുരാന ഇവിടങ്ങളിലെ ബയര്‍മാര്‍ വ്യാപാര്‍ 2017ല്‍ പങ്കെടുക്കണമെന്ന് ശുപാര്‍ശ ചെയ്തു.ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ മേധാവി ശ്രീ സാവിയോ മാത്യൂ, ഫിക്കി തെലങ്കാന സ്റ്റേറ്റ് കൗണ്‍സില്‍ മേധാവി ശ്രീ അഖിലേഷ് മഹുര്‍ക്കാര്‍ എന്നിവരും സംസാരിച്ചു.

NO COMMENTS

LEAVE A REPLY