തെരഞ്ഞെടുപ്പിന് പൂർണ സജ്ജം – വോട്ടിംഗ് ഏഴിന് ആരംഭിക്കും.

96

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന 168 പോളിംഗ് കേന്ദ്രങ്ങളിലും അവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തി. 48 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകളിൽ 37 ഇടങ്ങളിൽ വെബ് കാസ്റ്റിംഗും 11 ഇടങ്ങളിൽ മൈക്രോ ഒബ്‌സർവർമാരെയും നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

വോട്ട് ചെയ്യുമ്പോൾ സ്ഥാനാർത്ഥിയുടെ ചിഹ്നം മാറിപ്പോകുന്നു എന്നതടക്കം വോട്ടിംഗിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. മോക് പോളിംഗ് രാവിലെ 5.30ന് ആരംഭിക്കും. ഏഴുമണിമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടിംഗ് സമയം. വോട്ടർ ഐ.ഡിക്കു പകരം പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ പതിച്ച സർവീസ് ഐ.ഡി, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ്, ആധാർകാർഡ്, എം.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ്, ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ ഡോക്യുമെന്റ്, എം.പി.എസ് നൽകുന്ന ഔദ്യോഗിക ഐ.ഡി, ആധാർ കാർഡ്, ആർ.ജി.ഐ നൽകുന്ന സ്മാർട്ട് കാർഡ് എന്നിങ്ങനെ 11 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം.

വട്ടിയൂർക്കാവിൽ ആകെ 1,97,570 വോട്ടർമാരാണുള്ളത്. ഇതിൽ 1,03,241 പേർ പുരുഷന്മാരും 94,326 പേർ സ്ത്രീകളുമാണ്. 298 ഭിന്നശേഷി വോട്ടർമാരും 375 സർവീസ് വോട്ടർമാരും 20 വി.ഐ.പി വോട്ടർമാരും മണ്ഡലത്തിലുണ്ട്. സമാധാനപരമായ വോട്ടെടുപ്പിന് എല്ലാ രാഷ്ട്രീയ പാർട്ടികളും വോട്ടർമാരും സഹകരിക്കണമെന്നും ജില്ലാ കളക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

NO COMMENTS