റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; പുടിന് നാലാമൂഴം

250

മോസ്കോ: റഷ്യന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വ്ലാദിമിര്‍ പുടിന് വന്‍ വിജയം. 75 ശതമാനത്തോളം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്‍ കൂറ്റന്‍ വിജയം നേടിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പുടിന്‍ റഷ്യയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തുന്നത്. മത്സര രംഗത്ത് എട്ടുപേര്‍ ഉണ്ടായിരുന്നുവെങ്കിലും അഭിപ്രായ സര്‍വ്വേകള്‍ പുടിന് തന്നെയാണ് വന്‍ വിജയം പ്രഖ്യാപിച്ചിരുന്നത്. പകുതി വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ പുടിന്‍ വിജയം ഉറപ്പിച്ചിരുന്നു. ഇത് നാലാം തവണയാണ് പുടിനെ റഷ്യ പ്രസിഡണ്ട് പദവിയേല്‍പ്പിക്കുന്നത്. ഇതോടെ റഷ്യന്‍ പ്രസിഡണ്ട് സ്ഥാനത്ത് പുടിന്‍ കാല്‍ നൂറ്റാണ്ട് തികയ്ക്കും.

ആറ് വര്‍ഷമാണ് പ്രസിഡണ്ട് കാലാവധി എന്നിരിക്കെ 2024 വരെ പുടിന് പദവിയില്‍ തുടരാം. ജോസഫ് സ്റ്റാലിന്‍ മാത്രമാണ് ഇതിന് മുന്‍ ഇത്രയും നീണ്ട കാലം റഷ്യ ഭരിച്ചത്. 73.9 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ തെരഞ്ഞെടുക്കപ്പെടുക എന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളേയും മറികടക്കുന്ന വിജയമാണ് പുടിന്‍ സ്വന്തമാക്കിയിരിക്കുന്നത്. യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് പുടിന്‍ മത്സരിച്ചത്. വന്‍ വിജയം സമ്മാനിച്ച റഷ്യന്‍ ജനതയ്ക്ക് പുടിന്‍ നന്ദി പറഞ്ഞു. കോടതി വിലക്ക് മൂലം മത്സരിക്കാനാകാതെ പോയ പ്രതിപക്ഷ നേതാവ് അലെക്സി നവല്‍നി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അഴിമതി ആരോപണമാണ് നവല്‍നിക്ക് വിനയായത്. 11 കോടിയോളം വോട്ടര്‍മാരുള്ള റഷ്യയില്‍ 50 ശതമാനത്തിലേറെ പോളിംഗ് നടന്നിരുന്നു.

NO COMMENTS