കൈക്കൂലി വാങ്ങുന്നതിനിടെ സബ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പിടികൂടി.

44

ശക്തികുളങ്ങര : ‌ സ്ത്രീധന പീഡന കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കാനെന്ന പേരില്‍ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അബ്ദുല്‍ സലീമാണ് അറസ്റ്റിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് അബ്ദുല്‍സലിം ചവറ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്ബോള്‍ പരാതിക്കാരനായ ഫൈസല്‍ പ്രതിയായി സ്ത്രീധന പീഡന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിചാരണ ആരംഭിച്ച കേസില്‍ മൊഴി നല്‍കാന്‍ കഴിഞ്ഞ ആഴ്‌ച അബ്ദുല്‍ സലീമിന് കോടതിയില്‍ നിന്ന് സമന്‍സ് ലഭിച്ചിരുന്നു. തുടര്‍ന്ന് സലിം ഫോണില്‍ ഫൈസലിനെ ബന്ധപ്പെട്ട് കോടതിയില്‍ അനുകൂലമായി മൊഴില്‍ നല്‍കണമെങ്കില്‍ 25000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഫൈസല്‍ ഇക്കാര്യം കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി കെ അശോക് കുമാറിനെ അറിയിച്ചു. പിന്നീട് വിജിലന്‍സ് നിര്‍ദേശം അനുസരിച്ചായിരുന്നു ഫൈസല്‍ പ്രവര്‍ത്തിച്ചത്.

ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍സലീമിന്‍റെ ബന്ധുവിന്‍റെ ജൂവലറിയില്‍ പണവുമായി ഫൈസല്‍ എത്തി. ഇവിടെ വെച്ച്‌ പണം വാങ്ങുന്നതിനിടെ അബ്ദുല്‍ സലീമിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത സമയത്തും കൈക്കൂലി നല്‍കിയതായി ഫൈസല്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ഡിവൈഎസ്പി കെ അശോക് കുമാര്‍, സിഐ എം അജയനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അബ്ദുല്‍ സലീമിനെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

NO COMMENTS