വെട്ടുകാട് തിരുനാള്‍ – കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു കളക്ടര്‍

75

തിരുവനന്തപുരം : പ്രശസ്ത തീര്‍ഥാടന കേന്ദ്ര മായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ ത്തിലെ ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിപ്പിന് കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണ മെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. 

തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയുടെ അകത്തും പരിസരങ്ങളിലും പ്രവേശിക്കുന്നതിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ക്രമീകരണ ങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ അറിയിച്ചു.  നവംബര്‍ 13 മുതല്‍ 22 വരെയാണ് തിരുനാള്‍.

തിരുനാള്‍ ദിവസങ്ങളില്‍ ദേവാലയത്തിനകത്ത് പ്രാര്‍ഥനയിലും കുര്‍ബാനയിലും ഒരു സമയം 40 പേരെ മാത്രമേ പങ്കെടുപ്പിക്കൂ.  സാമൂഹിക അകലം പാലിച്ചു വേണം ചടങ്ങുകളില്‍ പങ്കെടുക്കാന്‍.  പള്ളിയിലേക്കും പുറത്തേക്കും വിശ്വാസികള്‍ക്കു പ്രവേശിക്കുന്നതിനു പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണം. 

തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തണം.  തിരുനാളിനെത്തുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്.  കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു ദേവാലയത്തിന്റെ പരിസരങ്ങളിലും പ്രവേശന കവാടങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കണം.  അനൗണ്‍സ്‌മെന്റ് മുഖേനയും ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കണം.

ഇത്തവണത്തെ തിരുനാളിന് പള്ളി പരിസരങ്ങളിലോ കടപ്പുറത്തോ കച്ചവട സ്ഥാപനങ്ങള്‍ അനുവദിക്കില്ലെന്നു കളക്ടര്‍ വ്യക്തമാക്കി.  കടല്‍തീരത്തേക്കുള്ള പ്രവേശനവും നിയന്ത്രിക്കും.  തിരുനാളിന്റെ ഭാഗമായി സ്റ്റേജ് പ്രോഗ്രാമുകളും സമൂഹസദ്യപോലുള്ളവയും ഒഴിവാക്കണം.  തീര്‍ഥാടകര്‍ ദേവാലയ പരിസരത്ത് അധിക സമയം ചെലവിടുന്നതിനും അനുവദിക്കില്ല.  തിരുനാള്‍ ആരംഭിക്കുന്ന നവംബര്‍ 13നും പ്രദക്ഷിണം നടക്കുന്ന 21നും സമാപന തിരുനാള്‍ ദിനമായ 22നും തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനു പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 

21ന് കണ്ണാന്തറ മുതല്‍ കൊച്ചുവേളി വരെ നടക്കുന്ന പ്രദക്ഷിണത്തില്‍ പരമാവധി ആളെ കുറച്ചു മാത്രമേ പങ്കെടുപ്പിക്കൂ.  കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ റവന്യൂ, പൊലീസ് അധികൃതര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പള്ളി ഭാരവാഹികളും യോഗത്തില്‍ അറിയിച്ചു.  കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.  പള്ളി പരിസരത്ത് തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇതിനായി വൊളന്റിയേര്‍മാരെ നിയോഗിക്കുമെന്നും ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. 

സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, എ.ഡി.എം. വി.ആര്‍. വിനോദ്, എ.സി.പി. കെ. സ്റ്റുവര്‍ട്ട്, ഇടവക വികാരി ഫാ. ജോര്‍ജ് ജെ. ഗോമസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS